വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കാതെ ആപ്പിൾ നിർമ്മാണ കമ്പനി; സ്വമേധയാ നടപടിയെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

വിവാഹിതരായ സ്ത്രീകൾക്ക് ജോലി നൽകുന്നില്ലെന്ന ആരോപണത്തിന് പിന്നാലെ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും തമിഴ്‌നാട് സർക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു
വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കാതെ ആപ്പിൾ നിർമ്മാണ കമ്പനി; സ്വമേധയാ നടപടിയെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
Published on

ആപ്പിൾ വിതരണക്കാരായ ഫോക്സ്കോൺ വിവാഹിതരായ സ്ത്രീകൾക്ക് ജോലി നൽകുന്നില്ലെന്ന ആരോപണത്തിന് പിന്നാലെ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും തമിഴ്‌നാട് സർക്കാരിനും നോട്ടീസ് അയച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. ലിംഗസമത്വം ഇന്ത്യൻ ഭരണഘടനയിൽ മാത്രമല്ല അന്താരാഷ്ട്ര സിവിൽ രാഷ്ട്രീയ അവകാശങ്ങളിലും സാമ്പത്തിക സാംസ്കാരിക പോളിസികളിലും ആവശ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടികാട്ടി.

ആപ്പിൾ ഉപകരണങ്ങളുടെ പ്രധാന നിർമാതാക്കളായ ഫോക്സ്കോൺ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഐഫോൺ അസംബ്ലി പ്ലാൻ്റിൽ വിവാഹിതരായ സ്ത്രീകളെ പിരിച്ചുവിടുന്നെന്ന റോയിട്ടേഴ്സിൻ്റെ റിപ്പോർട്ടിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ ഇടപെടുകയായിരുന്നു. ഫോക്സ്കോണിലെ മുൻ ഹ്യൂമൻ റിസോഴ്സ് എക്സിക്യൂട്ടീവാണ് ഇന്ത്യൻ റിക്രൂട്ട്മെൻ്റ് ഏജൻസികൾക്ക് ഇത് സംബന്ധിച്ചുള്ള നിർദേശം നൽകിയതെന്നാണ് ആരോപണം. സാംസ്കാരിക പ്രശ്‌നങ്ങളും സാമൂഹിക സമ്മർദ്ദവും കണക്കിലെടുത്ത് കമ്പനി വിവാഹിതരായ സ്ത്രീകളെ ജോലിക്ക് എടുക്കുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം കഴിഞ്ഞ ജൂൺ 27ന് സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ്നാട് സർക്കാരിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു . അന്താരാഷ്ട്ര മാധ്യമ ഏജൻസിയായ റോയിട്ടേഴ്സാണ് സ്ത്രീകളെ നിയമിക്കുന്നില്ലെന്ന വാർത്ത പുറത്തുവിട്ടത്. അടുത്തിടെ റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച അന്വേഷണാത്മക പരമ്പരയിൽ ചെന്നൈക്കടുത്തുള്ള ഐഫോൺ പ്ലാൻ്റിൽ നിന്നും വിവാഹിതരായ സ്ത്രീകളെ ഫോക്സ്കോൺ ആസൂത്രിതമായി ഒഴിവാക്കുന്നതായി കണ്ടെത്തി.

റിപ്പോർട്ടിൽ പാരാമർശിച്ചിരിക്കുന്ന ശ്രീ പെരുമ്പത്തൂർ പ്ലാൻ്റിൽ 2022ൽ നടന്ന നിയമന രീതികളിലെ വീഴ്ചകൾ അംഗീകരിക്കുന്നതായും, പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവെന്നും ആപ്പിൾ കമ്പനി പറയുന്നു. എന്നാൽ 2023, 2024 വർഷങ്ങളിൽ നടന്ന സംഭവങ്ങളെ കുറിച്ച് കമ്പനി യാതൊരു വിശദീകരണവും നൽകിയിട്ടില്ല. വൈവാഹിക പദവി, ലിംഗഭേദം, മതം അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലുള്ള തൊഴിൽ വിവേചനങ്ങൾ കമ്പനിയിൽ നടക്കുന്നെന്ന വാദം ശക്തമായി എതിർക്കുന്നുവെന്ന് ഫോക്സ്കോൺ വ്യക്തമാക്കിയിരുന്നു.

വിവാഹത്തിൻ്റെ അടിസ്ഥാനത്തിൽ തൊഴിൽ നിയമനത്തിൽ വിവേചനം കാണിക്കുന്നത് തടയാൻ നിലവിൽ ഇന്ത്യയിൽ നിയമങ്ങളില്ലെന്ന് റോയിട്ടേഴ്‌സ് അഭിഭാഷകർ പറഞ്ഞു. എന്നിരുന്നാലും ആപ്പിളിൻ്റെയും ഫോക്‌സ്‌കോണിൻ്റെയും പോളിസി പ്രകാരം ഇത്തരം നിയമന രീതികൾ റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com