സംസ്ഥാനത്ത് ജലജീവൻ പദ്ധതി അവതാളത്തിലെന്ന് പ്രതിപക്ഷം

പദ്ധതിയുടെ നാലിലൊന്ന് തുക പോലും ചെലവഴിച്ചില്ലെന്നും കേന്ദ്രഫണ്ട് ലാപ്സായെന്നും പ്രതിപക്ഷം ആരോപിച്ചു
സംസ്ഥാനത്ത് ജലജീവൻ പദ്ധതി അവതാളത്തിലെന്ന് പ്രതിപക്ഷം
Published on

സംസ്ഥാനത്ത് ജലജീവൻ പദ്ധതി അവതാളത്തിലെന്ന് നിയമസഭയിൽ വിമർശനം ഉന്നയിച്ച് പ്രതിപക്ഷം. പദ്ധതിയുടെ നാലിലൊന്ന് തുക പോലും ചെലവഴിച്ചില്ലെന്നും കേന്ദ്ര ഫണ്ട് ലാപ്സായെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, ഫണ്ട്‌ ലാപ്സായിട്ടില്ലെന്നും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി.

എല്ലാവർക്കും ശുദ്ധജലം നൽകാൻ ഉദ്ദേശിച്ചുള്ള ജല ജീവൻ പദ്ധതി സംസ്ഥാനത്ത് താളം തെറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷത്ത് നിന്നും അനൂപ് ജേക്കബ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാരിൻ്റെ അനാസ്ഥയും പിടിപ്പുകേടും കാരണം പദ്ധതി അട്ടിമറിക്കപ്പെട്ടതായി അനൂപ് ജേക്കബ് ആരോപിച്ചു. കേന്ദ്രത്തിൽ നിന്നും അർഹതപ്പെട്ട തുക വാങ്ങിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കേന്ദ്ര ഫണ്ട് ലാപ്സായി. പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകളുടെ നവീകരണം പൂർത്തിയായില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു.

അതേസമയം, ഫണ്ട് ലാപ്സായിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി. "റോഡ് വെട്ടിപ്പൊളിക്കാതെ പദ്ധതി നടപ്പാക്കാൻ കഴിയില്ല. 51,000 കിലോമീറ്റർ റോഡുകളുടെ പണി പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതി വഴി സമ്പൂർണ്ണമായി ശുദ്ധജലമെത്തിക്കും. അതിന് എല്ലാവരുടെയും സഹകരണം വേണം," റോഷി അഗസ്റ്റിൽ ആവശ്യപ്പെട്ടു.

44,715 കോടിയുടെ പദ്ധതി കാലാവധി പൂർത്തിയായപ്പോൾ നാലിലൊന്ന് തുക പോലും ചെലവാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. "കൃത്യമായ സർവേ നടത്തിയില്ല, എസ്റ്റിമേറ്റും തയ്യാറാക്കിയില്ല. ജലം ലഭ്യമാക്കാൻ സോഴ്സ് ഇല്ലാതെ പൈപ്പ് മാത്രം ഇട്ടു പോകുകയാണ് ചെയ്യുന്നത്. കണക്ഷൻ പൂത്തിയാകുമ്പോൾ നിലവിൽ ജലം ലഭിക്കുന്നവർക്കും ജലം ലഭ്യമല്ലാതാകും," വി.ഡി. സതീശൻ ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com