
എ.ആര്‍. റഹ്മാന്‍റെ മകള്‍ ഖദീജ റഹ്മാന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് 'മിന്‍മിനി'. മലയാളി താരം എസ്തര്‍ അനില്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹലിത ഷമീം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മകളുടെ ആദ്യ സംഗീത സംവിധാന പരിശ്രമത്തെ അഭിനന്ദിച്ച എ.ആര്‍. റഹ്മാന്‍, ഖദീജയെ പരിഹസിച്ചവര്‍ക്കുള്ള മറുപടി അവള്‍ സംഗീതത്തിലൂടെ നല്‍കിയെന്നും പറഞ്ഞു. ചെന്നൈയില്‍ നടന്ന സിനിമയുടെ പ്രത്യേക ഷോ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"എന്‍റെ മകള്‍ സംഗീതം നല്‍കിയ ആദ്യ സിനിമയാണ് 'മിന്‍മിനി'. ഹലീത ഷമീം അവള്‍ക്ക് അതിനുള്ള അവസരം നല്‍കി. അവതരണത്തിലും സംഗീതത്തിലുമെല്ലാം ഒരു പുതുമ അനുഭവപ്പെടുന്നു. ഹലീതയുടെ കഥപറച്ചിലും സംവിധാനവുമെല്ലാം തമിഴ് സിനിമയില്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ലാത്തതാണ്. ഖദീജയെ കുറിച്ച് എന്ത് വാര്‍ത്ത വന്നാലും, ലക്ഷക്കണക്കിന് ആളുകള്‍ അവളെ പരിഹസിക്കും. അവള്‍ അതിനെല്ലം അവളുടെ സംഗീതത്തിലൂടെ മറുപടി നല്‍കി. അവളെ ഓര്‍ത്ത് അഭിമാനിക്കുന്നു. കൂടുതല്‍ വിജയങ്ങള്‍ക്കായി ദൈവം അവളെ അനുഗ്രഹിക്കട്ടെ," എ.ആര്‍. റഹ്മാന്‍ പറഞ്ഞു.
മിന്‍മിനിയുടെ ഛായാഗ്രാഹകനും നിര്‍മാതാവുമായ മനോജ് പരമഹംസയെയും റഹ്മാന്‍ അഭിനന്ദിച്ചു. പുതിയ ശബ്ദങ്ങളെ, പ്രത്യേകിച്ച് വനിതാ സംവിധായകരെയും, സംഗീത സംവിധായകരെയും പിന്തുണയ്‌ക്കേണ്ടത് പ്രധാനപ്പെട്ടതാണെന്നും എ.ആര്‍. റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. മിന്‍മിനിയിലൂടെ തമിഴ് സിനിമയ്ക്ക് നിരവധി ആരാധകരെ ലഭിക്കും. തമിഴ് സിനിമയില്‍ വയലന്‍സ് കൂടുതലാണെന്ന കാരണത്താല്‍ പിന്തിരിഞ്ഞവരെ, ഈ സിനിമ തിരികെ കൊണ്ടുവരുമെന്നും റഹ്മാന്‍ പറഞ്ഞു.
പൂവാരസം പീപ്പി, സില്ലു കരിപ്പെട്ടി, അയ്‌ലെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ ഹലിത ഷമീം എട്ട് വര്‍ഷം കൊണ്ടാണ് മിന്‍മിനിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എസ്തറിനൊപ്പം പ്രവീണ്‍ കിഷോര്‍, ഗൗരവ് കാലായി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 9ന് തിയേറ്ററുകളിലെത്തും.