
ആറൻമുള ഉത്രട്ടാതി വള്ളംകളി ഇന്ന്. ഉച്ചയ്ക്ക് ഒരുമണിയോടെ ജലമേളയ്ക്ക് തുടക്കമാകും. 52 വർഷങ്ങൾക്ക് ശേഷം പള്ളിയോടങ്ങളും ജലഘോഷയാത്രയിൽ പങ്കെടുക്കുന്നെന്ന പ്രത്യേകതയും ഉണ്ട്. എ, ബി ബാച്ചുകളിലായി 52 വള്ളങ്ങളാണ് മാറ്റുരക്കുക. വള്ളംകളിക്ക് മുൻപ് ജല ഘോഷയാത്രയും ഉണ്ടാകും. രാവിലെ ഒമ്പതരയോടെ കളക്ടർ എസ്. പ്രേംകൃഷ്ണൻ പതാക ഉയർത്തും.
എ ബാച്ചിൽ 35 പള്ളിയോടവും ബി ബാച്ചിൽ 17 പള്ളിയോടവുമാണുള്ളത്. ഒന്നാം സമ്മാനം നേടുന്ന പള്ളിയോടത്തിന് മന്നം ട്രോഫി സമ്മാനിക്കും. വള്ളംകളിക്ക് മുന്നോടിയായി ഉച്ചക്ക് 1.30 യോടെ സത്രം പവലിയനിൽ നടക്കുന്ന പൊതുസമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്ര കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. വള്ളംകളിയോടനുബന്ധിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
കേന്ദ്ര ടെക്സ്‌റ്റൈൽസ് വകുപ്പുമന്ത്രി ഗിരിരാജ് സിങ്, കേന്ദ്ര ഫിഷറീസ്-ന്യൂനപക്ഷ വകുപ്പുമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വീണ ജോർജ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, പി.പ്രസാദ്, വി.എൻ.വാസവൻ, എം.പി.മാരായ ആൻ്റോ ആൻ്റണി, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവരും രാവിലെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.