എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്?; പഞ്ചാബില്‍ അടിയന്തര യോഗം വിളിച്ച് അരവിന്ദ് കെജ്‌രിവാള്‍

പഞ്ചാബിലെ എഎപി എംഎല്‍എമാരുമായി താന്‍ ഏറെ കാലമായി ബന്ധപ്പെട്ടു നില്‍ക്കുകയാണെന്നും അവര്‍ ആരും ഇനി തിരിച്ച് എഎപിയിലേക്ക് വരില്ലെന്നും ബജ്‍വ പറഞ്ഞു.
എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്?; പഞ്ചാബില്‍ അടിയന്തര യോഗം വിളിച്ച് അരവിന്ദ് കെജ്‌രിവാള്‍
Published on

പഞ്ചാബില്‍ എഎപി എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നാണ് നീക്കം. 30 ഓളം എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന ആശങ്ക നിലനില്‍ക്കെയാണ് അരവിന്ദ് കെജ്‍രിവാള്‍ ചൊവ്വാഴ്ച യോഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഡല്‍ഹി തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പഞ്ചാബിലും എഎപിക്ക് അധികാരം നഷ്ടപ്പെടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് പര്‍താപ് സിങ് ബജ്‌വ ആരോപിച്ചത്. പഞ്ചാബിലെ എഎപി എംഎല്‍എമാരുമായി താന്‍ ഏറെ കാലമായി ബന്ധപ്പെട്ടു നില്‍ക്കുകയാണെന്നും അവര്‍ ആരും ഇനി തിരിച്ച് എഎപിയിലേക്ക് വരില്ലെന്നും ബജ്‍വ പറഞ്ഞു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ തിരക്കിട്ട നീക്കം.

'ഉറച്ച സത്യസന്ധരാണെന്ന് വിശ്വസിപ്പിച്ച പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം പഞ്ചാബിലെ ജനങ്ങളും കണ്ടതാണ്. കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കുറെ വാഗ്ദാനങ്ങള്‍ നല്‍കി ബഞ്ചാബികളെ തെറ്റിദ്ധരിപ്പിച്ചാണ് അധികാരത്തിലേറിയത്. ഡല്‍ഹിയിലെ തോല്‍വി വിരല്‍ ചൂണ്ടുന്നത് എഎപിയുടെ എന്നെന്നേക്കുമുള്ള പതനത്തിലേക്കാണ്,' ബജ്‌വ പറഞ്ഞു.

നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന ലുധിയാനയില്‍ കെജ്‌രിവാള്‍ മത്സരിച്ച് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗമാകാനുള്ള നീക്കത്തെയും ബജ്‌വ സൂചിപ്പിച്ചു. പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തിലെത്താനാവും കെജ്‌രിവാള്‍ ഇനി ശ്രമിക്കുക എന്ന് പഞ്ചാബ് ബിജെപി നേതാവ് സുഭാഷ് ശര്‍മയും പറഞ്ഞു.

കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ആം ആദ്മി പാര്‍ട്ടിക്കുണ്ടായത്. 22 സീറ്റുകള്‍ മാത്രമാണ് എഎപിക്ക് നേടാനായത്. എന്നാല്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന എട്ട് സീറ്റുകളില്‍ നിന്ന് 48 സീറ്റുകളിലേക്ക് ഉയര്‍ന്ന് ഭരണം പിടിച്ചെടുത്ത ബിജെപി വലിയ മുന്നേറ്റമാണ് ഡല്‍ഹിയില്‍ കാഴ്ചവെച്ചത്. അതേസമയം കോണ്‍ഗ്രസിന് ഒരു സീറ്റു പോലും നേടാനായില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com