
സഭ പാർട്ടി ഉണ്ടാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. നമ്മൾ പാർട്ടി പൊളിറ്റിക്സിൽ വിശ്വസിക്കുന്നില്ല. സഭ ഒരു പാർട്ടി ഉണ്ടാക്കുകയാണെങ്കിൽ കുറേ ആളുകൾ പിന്തുണക്കില്ലെന്നും സഭ പാർട്ടി ഉണ്ടാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ചക്കാലക്കൽ പറഞ്ഞു. സഭയ്ക്ക് ഒരു രാഷ്ട്രീയപാർട്ടി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സഭയുടെ ഉന്നത പദവിയിലിരിക്കുന്നവരാണെന്നും ചക്കാലക്കൽ പറഞ്ഞു.
കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പായി നാളെ സ്ഥാനാരോഹണം നടക്കാനിരിക്കെയാണ് ഡോ. വർഗീസ് ചക്കാലക്കലിൻ്റെ പ്രതികരണം. തന്‍റെ സ്ഥാനാരോഹണത്തെ ദൈവാനുഗ്രഹമായി കാണുന്നുവെന്ന് അദ്ദേഹം നേരത്തേ പ്രതികരിച്ചിരുന്നു. പിന്നീടാണ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഒരു ആർച്ച് ബിഷപ്പ് എന്ന നിലയിൽ ജനങ്ങളെ അറിയുന്ന ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വ്യക്തിയായി തീരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.
കെസിബിസിയുടെയും സിബിസിഐയുടെയും ജനറൽ സെക്രട്ടറിയായിരുന്ന ബിഷപ്പ് നിലവിൽ KRLCBC യുടെ അധ്യക്ഷനായി പ്രവർത്തിക്കുകയാണ്. കോഴിക്കോട് സെന്‍റ് ജോസഫ് ദേവാലയത്തിൽ നാളെ വൈകീട്ട് 3 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. ചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ രൂപത ബിഷപ്പുമാരും രാഷ്ട്രിയ സാമുദായിക നേതാക്കന്മാരുമാണ് എത്തുന്നത്.