
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിനെതിരെ വംശീയ പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്. കമല ഹാരിസ് ശരിക്കും കറുത്ത വംശജയാണോ,അതോ രാഷ്ട്രീയമായ സൗകര്യത്തിന് വേണ്ടി വംശത്തെ ഉപയോഗിക്കുകയാണോ എന്നായിരുന്നു ട്രംപിന്‍റെ ചോദ്യം. ബുധനാഴ്ച നടന്ന ഒരു അഭിമുഖത്തിലാണ് ഇത്തരത്തിലൊരു പരാമര്‍ശം ട്രംപ് നടത്തിയത്.
"അവര്‍ക്ക് എപ്പോഴും ഇന്ത്യന്‍ പാരമ്പര്യമാണുള്ളത്. അവര്‍ ഇന്ത്യന്‍ പാരമ്പര്യത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവര്‍ക്ക് കറുത്ത വംശജയായി മാറേണ്ടി വന്നപ്പോഴാണ് ഞാന്‍ അവര്‍ കറുത്ത വംശജയാണെന്ന് തിരിച്ചറിഞ്ഞത്. ഇപ്പോള്‍ അവര്‍ക്ക് കറുത്ത വംശജയായി അറിയപ്പെടണം. എനിക്കറിയില്ല, അവര്‍ ഇന്ത്യാക്കാരിയാണൊ? അതോ, കറുത്ത വംശജയാണോ?", ചിക്കാഗോയിലെ കറുത്ത വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ദേശീയ അസോസിയേഷനിലെ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ട്രംപിന്‍റെ പരാമര്‍ശത്തെ "അപമാനകരം" എന്നാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്.
യുഎസ് ചരിത്രത്തിലെ ആദ്യ ദക്ഷിണേഷ്യന്‍ വേരുകളുള്ള, കറുത്തവംശജയായ വനിത വൈസ് പ്രസിഡന്‍റാണ് കമല ഹാരിസ്. കമലയ്‌ക്കെതിരെ മുന്‍പും ട്രംപ് സമാനമായ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മുന്‍പ്, കമലയെ 'ആന്‍റി സെമറ്റിക്' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കമലയുടെ പങ്കാളി ഒരു ജൂത-അമേരിക്കന്‍ ആണെന്നതായിരുന്നു ഈ ആരോപണത്തിന്‍റെ കാരണം.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ ശേഷമാണ് കമല ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കമലയ്ക്ക് പാര്‍ട്ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും വന്‍ ജനപ്രീതി സമ്പാധിക്കാനായി. ഇതിനെ തുടര്‍ന്നാണ് പ്രചാരണ വേദികളില്‍ ട്രംപും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെ. ഡി വാന്‍സും കമലയെ കടന്നാക്രമിക്കാന്‍ ആരംഭിച്ചത്.