ആരാധകർക്ക് നിരാശ; അർജൻ്റീനയും മെസിയും കേരളത്തിലേക്കില്ല

സ്പെയിനിൽ നേരിട്ടെത്തി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയാണ് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ മെസിയെയും സംഘത്തെയും എത്തിക്കുമെന്ന് പ്രഖ്യാപിച്ചത്.
ആരാധകർക്ക് നിരാശ; അർജൻ്റീനയും മെസിയും കേരളത്തിലേക്കില്ല
Published on


ലയണൽ മെസിയും അർജൻ്റീനയും ഈ വർഷം കേരളത്തിലേക്കില്ല. സ്പോൺസർമാർ പണം നൽകാത്തതോടെയാണ് അർജൻ്റീനയുടെ വരവ് മുടങ്ങിയത്. മെസിയെയും സംഘത്തെയും എത്തിക്കാനുള്ള ശ്രമം തുടരുമെന്നാണ് കായിക വകുപ്പ് അറിയിക്കുന്നത്. വാർത്തകൾ പുറത്തു വന്നതോടെ ആരാധകർ നിരാശയിലാണ്.


ഒക്ടോബർ, നവംബർ മാസങ്ങളിലായി രണ്ട് മത്സരങ്ങൾ കേരളത്തിൽ കളിക്കാനായിരുന്നു അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നത്. 300 കോടിയിലധികം രൂപയായിരുന്നു ആകെ ചെലവ്. സംസ്ഥാനസർക്കാർ മൂന്ന് സ്പോൺസർമാരെ പരിപാടിക്കായി കണ്ടെത്തി. 300 കോടിയിൽ 200 കോടിയോളം രൂപ അർജൻ്റീന ടീമിന് നൽകേണ്ട തുകയാണ്.


കരാർ പ്രകാരം തുക നൽകേണ്ട സമയം അവസാനിച്ചിട്ടും പണം ലഭിക്കാത്തതോടെ അർജൻ്റീന ടീം നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ കൊട്ടിഘോഷിച്ച് മെസ്സിയെ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത കായികവകുപ്പും വെട്ടിലായി. ഒക്ടോബർ നവംബർ മാസങ്ങളിലായി അർജൻ്റീന കളിക്കുന്ന നാല് മത്സരങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല.

ഒക്ടോബർ ചൈന, ജപ്പാൻ എന്നിവിടങ്ങളിലെത്തുന്ന അർജൻ്റീന നവംബറിൽ ആഫ്രിക്കൻ പര്യടനത്തിൽ അങ്കോളയോടും ഖത്തറിൽ വച്ച് അമേരിക്കയോടും മത്സരിച്ചേക്കും. സ്പെയിനിൽ നേരിട്ടെത്തി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയാണ് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ മെസ്സിയെയും സംഘത്തെയും എത്തിക്കുമെന്ന് പ്രഖ്യാപിച്ചത്.


മെസ്സിയെ കൊണ്ടുവരാനുള്ള നീക്കം തുടരുമെന്നാണ് കായികമന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം. സ്പോൺസർമാരും ഇനിയും ശ്രമം തുടരുമെന്ന വിശദീകരണമാണ് നൽകുന്നത്.  അടുത്ത വർഷം ലോകകപ്പ് നടക്കുന്നതിനാൽ സമീപകാലത്തൊന്നും അർജൻ്റീന കേരളത്തിലെത്തില്ലെന്നുറപ്പായി. മെസ്സി ലോകകപ്പിന് ശേഷം കളിക്കുന്ന കാര്യം പോലും സംശയത്തിൽ നിൽക്കെ സൂപ്പർതാരത്തെ ആരാധകർ കാത്തിരിക്കേണ്ടെന്ന് ചുരുക്കം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com