
കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കും പ്രത്യേകിച്ച് അര്‍ജന്റീന ആരാധകര്‍ക്കും സന്തോഷവാര്‍ത്ത. കേരളത്തില്‍ പന്ത് തട്ടാന്‍ അര്‍ജന്റീന ടീം എത്തുന്നു. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ താത്പര്യം അറിയിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ടീം വരുന്നത് എന്നാണെന്നും വേദി എവിടെയായിരിക്കുമെന്നതും പിന്നീട് തീരുമാനിക്കും. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ അര്‍ജന്റീന അക്കാദമി സ്ഥാപിക്കാൻ ധാരണയായതായും സൂചനയുണ്ട്.
വി. അബ്ദുറഹിമാനൊപ്പം കായിക വകുപ്പ് ഡയറക്ടറും സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര സൗഹൃദ മത്സര വേദിയായി കേരളത്തെ പരിഗണിക്കുന്ന കാര്യം ചര്‍ച്ചയായി. ഇതിനായി ഉടന്‍ തന്നെ എഎഫ്എ കേരളം സന്ദര്‍ശിക്കും. ഒക്ടോബറിൽ പ്രതിനിധി സംഘം കേരളത്തിലെത്തും.
കേരളത്തിലെ അര്‍ജന്റീന ഫുട്‌ബോള്‍ ആരാധകരെ ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നേരിട്ട് ക്ഷണിക്കാനായി സ്പെയിനിലേക്ക് തിരിച്ചത്.
മെസ്സി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ അവസരം നഷ്ടപ്പെടുത്തി എന്ന വാര്‍ത്ത കേരളത്തിലെ ഫുട്ബാള്‍ പ്രേമികളെ നിരാശരാക്കിയിരുന്നു. ഇതാണ് അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ പ്രേരകമായതെന്ന് മുന്‍പ് കായിക മന്ത്രി തന്റെ സമൂഹ മാധ്യമ പോസ്റ്റിലൂടെ പറഞ്ഞിരുന്നു.