
ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുഎസിൽ 13 വയസുകാരി 7 വയസുള്ള സഹോദരിയെ കുത്തിക്കൊന്നു. ശനിയാഴ്ച മിഷിഗണിൽ പതിമൂന്നുകാരി അവളുടെ അനുജത്തിയെ പരിചരിക്കുന്നതിനിടെയാണ് സംഭവം. കുളിമുറിയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ പത്തിലധികം കുത്തേറ്റ മുറിവുകളും കണ്ടെത്തിയതായി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നതിനെക്കുറിച്ച് കുളിമുറിയിൽ ഒരു കുറിപ്പ് വച്ചിരുന്നതിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ, 13 വയസ്സുകാരി തൻ്റെ അനുജത്തിയുടെ വയറിലും തലയിലും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി തന്നെ 911-ൽ വിളിച്ച് വിവരം അറിയിച്ചതായും ദ ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്യുന്നു.
ആസൂത്രിത കൊലപാതകം, ക്രിമിനൽ കൊലപാതകം, ഫസ്റ്റ് ഡിഗ്രി ചൈൽഡ് അബ്യൂസ് തുടങ്ങി നിരവധി ചാർജുകളാണ് കുട്ടിക്ക് മേൽ ചുമത്തിയിട്ടുള്ളത്. പ്രായപൂർത്തിയാകാത്തതിനാൽ ഇരയുടെയും പ്രതിയുടേയും വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
രണ്ട് മണിക്കൂർ നേരത്തേക്ക് ഇളയ സഹോദരിയെ നോക്കുവാൻ മാത്രമേ മൂത്ത കുട്ടിയെ ഏൽപ്പിച്ചിരുന്നുള്ളുവെന്ന് പറഞ്ഞ മാതാപിതാക്കൾ സാധാരണ സഹോദരങ്ങൾ തമ്മിലുണ്ടാവുന്ന തർക്കങ്ങൾ മാത്രമേ ഇരുവരും തമ്മിൽ ഉണ്ടായിരുന്നുള്ളൂവെന്നും വ്യക്തമാക്കി.
പെൺകുട്ടിക്ക് മുതിർന്നവരുടെ വിചാരണ നേരിടേണ്ടി വരില്ലെങ്കിലും അവളെ ജുവനൈൽ സിസ്റ്റത്തിൽ സൂക്ഷിക്കുമെന്ന് ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്തു. 21-ാം വയസ്സിൽ മോചിപ്പിക്കപ്പെടുന്നതുവരെ അവളെ രോഗനിർണയം നടത്താനും ചികിത്സിക്കാനും പുനരധിവസിപ്പിക്കാനും സംസ്ഥാനത്തിന് ഏഴ് വർഷം സമയമുണ്ടെന്നും പ്രോസിക്യൂട്ടർ അറിയിച്ചു.