
ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നേടിയ മുന്നേറ്റത്തിൽ ഗവർണറുടെ നിലപാടുകളും, നടപടികളും ഉപയോഗപ്രദമായെന്ന് വിലയിരുത്തി ബിജെപി കേന്ദ്ര നേതൃത്വം. സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ചിട്ടുള്ള ആരിഫ് മുഹമ്മദ് ഖാൻ്റെ രാഷ്ട്രീയ ചായ്‌വോടെയുള്ള സമീപനം ഗുണം ചെയ്തെന്ന വിശ്വാസത്തിലാണ് കേന്ദ്രം.
വലിയ മുന്നേറ്റത്തിൻ്റെ കാരണക്കാരിൽ ഒരാൾ കൂടിയായ ഗവർണറെ വീണ്ടും ഗവർണറായി നിയമിച്ചേക്കും എന്ന് സൂചന. സെപ്റ്റംബറിലാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ ഗവർണറായുള്ള കാലാവധി അവസാനിക്കുന്നത്. അഞ്ച് വർഷത്തേക്കാണ് ഗവർണർ നിയമനം. എന്നാൽ, കാലവധി തീരുന്നതിന് മുൻപ് രാഷ്ട്രപതി ചുമതല നീട്ടി നൽകാനാണ് സാധ്യത.
സർവ്വകലാശാല വിഷയങ്ങളിലും, വിസി നിയമനങ്ങളിലും മറ്റും ഗവർണറുടെ നിലപാടുകൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള തുറന്ന പോരും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്, അതും വോട്ടർമാരെ സ്വാധീനിച്ചിരിക്കാമെന്നാണ് കേന്ദ്ര വിലയിരുത്തൽ.