'ആ എട്ട് ലക്ഷം ആര് കൈപ്പറ്റിയെന്ന് പറയണം', കളക്ടറേറ്റ് സമരത്തിന്റെ വാര്‍ഷിക പോസ്റ്റില്‍ വെട്ടിലായി അരിത ബാബു

സമരത്തില്‍ പൊലീസ് മര്‍ദ്ദനമേറ്റ മേഘ രഞ്ജിത്തിന് എട്ട് ലക്ഷം രൂപം സഹായം നല്‍കിയെന്ന് അരിത ബാബു പോസ്റ്റില്‍ പറയുന്നു.
'ആ എട്ട് ലക്ഷം ആര് കൈപ്പറ്റിയെന്ന് പറയണം', കളക്ടറേറ്റ് സമരത്തിന്റെ വാര്‍ഷിക പോസ്റ്റില്‍ വെട്ടിലായി അരിത ബാബു
Published on


ആലപ്പുഴ കളക്ടറേറ്റ് സമരത്തിന്റെ വാര്‍ഷിക പോസ്റ്റ് ഇട്ട് വെട്ടിയലായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ ആലപ്പുഴ ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ സമരവും തുടര്‍ന്ന് ഉണ്ടായ സംഭവവികാസങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു അരിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സമരത്തില്‍ പൊലീസ് മര്‍ദനമേറ്റ മേഘ രഞ്ജിത്തിന് എട്ട് ലക്ഷം രൂപം സഹായം നല്‍കിയെന്ന് അരിത ബാബു പോസ്റ്റില്‍ പറയുന്നു. പിന്നാലെ ആ ആരോപണം നിഷേധിച്ച് മേഘ തന്നെ രംഗത്തെത്തുകയായിരുന്നു.

'പരിക്കേറ്റ മേഘയ്ക്ക് പെട്ടെന്ന് കൈകള്‍ കൊണ്ട് ഭാരിച്ച ജോലികള്‍ ചെയ്യുവാന്‍ കഴിയില്ല എന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അവരെ മാനസികമായി തളര്‍ത്തിയിരുന്നു. ഈ അവസരത്തില്‍ അവരെ ചേര്‍ത്തു പിടിക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ് അല്ലാതെ മറ്റാര് എന്ന ചിന്ത തന്നെയാണ് അതിലേക്ക് എത്തിച്ചത്. അങ്ങനെ ഒരു സഹായം നല്‍കുവാന്‍ പ്രസ്ഥാനം തീരുമാനിക്കുകയും അത് മേഘയെ അറിയിക്കുകയും എന്നും പ്രസ്ഥാനം കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

പിന്നീട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിലും പുറത്തും പ്രവര്‍ത്തിക്കുന്ന പോഷക സംഘടനകള്‍ വഴി ഏകദേശം എട്ട് ലക്ഷം രൂപ സമാഹരിച്ച് വിവിധ ഘട്ടങ്ങളിലായി മേഘക്ക് കൈമാറി. അതിലുപരി ദിവസ കൂലിക്ക് ജോലി ചെയ്യുന്നവര്‍ മുതല്‍ ഈ പ്രസ്ഥാനത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന നിരവധിയായ ആളുകള്‍ ചെറുതും വലുതുമായ സാമ്പത്തിക സഹായം നല്‍കി ആ കുടുംബത്തെ ചേര്‍ത്തുപിടിച്ചു,' എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞത്.

എന്നാല്‍ ഇതിനെതിരെ മേഘ രഞ്ജിത്ത് രംഗത്തെത്തി. ഈ തുക തനിക്ക് കൈമാറാതെ ആരാണ് കൈപ്പറ്റിയത് എന്നായിരുന്നു പോസ്റ്റില്‍ മേഘയുടെ കമന്റ്. ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ മേഘയുടെ കമന്റ് ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായി.

'ഈ പറഞ്ഞ തുക എനിക്ക് കൈമാറാതെ ഇടക്ക് നിന്ന് ആരാണ് കൈപ്പറ്റിയത് എന്ന് കൂടി പരസ്യമായി പറയണം. ഞാനും കൂടി അറിയണമല്ലോ എന്റെ പേരില്‍ ആരാണ് വലിയൊരു തുക കൈപ്പറ്റിയത് എന്ന്,' എന്നായിരുന്നു മേഘയുടെ കമന്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com