
ഷിരൂരിലെ രക്ഷാദൗത്യം മതിയാക്കി സൈന്യം ഉടൻ മടങ്ങുമെന്ന് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു. ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ഇടത്തെ സൈന്യത്തിൻ്റെ രക്ഷാപ്രവർത്തനം പൂർത്തിയായെന്നും ഇനി അവർ തുടരേണ്ട കാര്യമില്ലെന്നും എംഎൽഎ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് രാത്രിയോടെ തിരികെ ബെൽഗാവിയിലേക്ക് മടങ്ങുമെന്ന് സൈനികരും അറിയിച്ചു.
അർജുനെ രക്ഷിക്കാനുള്ള പരമാവധി ശ്രമം നടന്നുവെന്നും അതേസമയം സൈന്യം വേണ്ട രീതിയിൽ ഇടപെട്ടതായി തോന്നുന്നില്ലെന്നും അമ്മ ഷീല പറഞ്ഞു. വൈകാരികമായാണ് കുടുംബം പ്രതികരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് സൈന്യം ദുരന്തമുണ്ടായ ഷിരൂരിലെത്തിയത്. കരയിലെ തിരച്ചിലിൽ അർജുൻ്റെ ലോറി കണ്ടെത്താനായിരുന്നില്ല. ശേഷിക്കുന്ന തെരച്ചിൽ പുഴയിൽ ഇറങ്ങിയാണ് നടത്തേണ്ടത്. മണ്ണിനടിയിൽ തെരച്ചിൽ വേഗത്തിലാക്കാൻ സഹായിച്ചത് സൈന്യം കൊണ്ടുവന്ന റഡാറിൻ്റെ സഹായത്തോടെ ആയിരുന്നു.
റഡാർ പരിശോധനയിൽ ലോറി കരയിൽ ഇല്ലെന്ന് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുഴയോട് ചേർന്ന വയൽ പ്രദേശത്ത് മണ്ണുനീക്കിയുള്ള പരിശോധന നടത്തുമെന്നും സൈന്യം അറിയിച്ചു. അർജുനായി ഗംഗാവലി പുഴയിൽ സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പുഴക്കരയിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റഡാർ പരിശോധനയിലാണ് പുഴക്കരയിൽ നിന്ന് പുതിയ സിഗ്നൽ ലഭിച്ചത്. പുഴയോട് ചേർന്ന വയൽ പ്രദേശത്ത് മണ്ണുനീക്കിയാണ് പരിശോധന പുരോഗമിക്കുന്നത്. ഉച്ചയോടെ ജിപിഎസ് സിഗ്നല്‍ ലഭിച്ചിടത്ത് ലോറി ഇല്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചിരുന്നു.