
ഷിരൂർ ഉരുൾപൊട്ടലിൽ മരിച്ച അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തി. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നത്.
പുലർച്ചെ തന്നെ മൃതദേഹം കേരള അതിർത്തിയിലെത്തിയിരുന്നു. തലപ്പാടിയിൽ അർജുന് അന്തിമോപചാരം അർപ്പിച്ച് നിരവധിപ്പേരാണ് എത്തിയത്. കാസർഗോഡ് ജില്ലാ കളകടർ കെ. ഇമ്പശേഖർ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ എന്നിവർ അന്തിമോപചാരമർപ്പിച്ചു.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ്റെ മൃതദേഹം ബന്ധുക്കൾ ഇന്നലെ വൈകീട്ടോടെയാണ് ഏറ്റുവാങ്ങിയത്. കേരള അതിർത്തി വരെ കർണാടക പൊലീസ് ആംബുലൻസിനെ അനുഗമിച്ചു. നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. തെരച്ചിലിൽ പുഴയിൽ നിന്നും കണ്ടെടുത്ത മൃതദേഹം അർജുന്‍റേത് തന്നെയാണെന്നും, ഡിഎൻഎ പരിശോധന ഫലം പോസിറ്റീവായെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു.
72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ ട്രക്ക് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത്. ട്രക്കിനുള്ളിൽ നിന്ന് ലഭിച്ച അസ്ഥി കഷണങ്ങളടക്കമാണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്.