ഷിരൂർ ദൗത്യം: അർജുൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കർണാടക സർക്കാർ വഹിക്കും

നദിയിലകപ്പെട്ട് എഴുപത്തൊന്നാം ദിവസമാണ് ലോറി കണ്ടെത്തുന്നത്
ഷിരൂർ ദൗത്യം: അർജുൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള 
ചെലവ് കർണാടക സർക്കാർ വഹിക്കും
Published on

ഷിരൂർ മണ്ണിടിച്ചിലിൽ നദിയിലകപ്പെട്ട അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കർണാടക സർക്കാർ വഹിക്കും. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. ഇന്ന് നടത്തിയ നിർണായകമായ തെരച്ചിലിലാണ് അർജുന്‍റെ ലോറിയും ഒരു മൃതദേഹവും കണ്ടെത്തിയത്. നദിയിലകപ്പെട്ട് എഴുപത്തൊന്നാം ദിവസമാണ് ലോറി കണ്ടെത്തുന്നത്. ലോറിയുടെ ക്യാബിൻ പൂർണമായും തകർന്ന നിലയിലായിരുന്നു. പന്ത്രണ്ട് അടി താഴ്ചയിൽ നിന്നാണ് ലോറി ഉയർത്തിയത്തിയെടുത്തത്.

 
കർണാടകയിലെ ഷിരൂരിൽ ജൂലൈ 16 ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. മണ്ണിടിച്ചിലില്‍ അര്‍ജുനും അകപ്പെട്ടിട്ടുണ്ടോയെന്ന് സംശയിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. കര-നാവിക സേനകളും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും പൊലീസുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തുവെങ്കിലും ലോറി കണ്ടെത്താനായിരുന്നില്ല. മഴ ശക്തമായത് മൂലം ഇടയ്ക്ക് വെച്ച് തെരച്ചിൽ നിർത്തി വെക്കേണ്ടതായും വന്നു. പിന്നീട് തെരച്ചിൽ പുനരാരംഭിക്കുകയും തെരച്ചിലിൽ ലോറിയുടെ എഞ്ചിൻ കണ്ടെത്തുകയും ചെയ്തിരുന്നു.

ALSO READ: ഷിരൂർ ദൗത്യം: നീണ്ട കാത്തിരിപ്പിന് ഇന്ന് തീരുമാനമായി, മാധ്യമങ്ങൾ ചെയ്‌തത് നല്ല പ്രവൃത്തി: എ.കെ. ശശീന്ദ്രൻ


CP4 മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തെരച്ചിൽ നടന്നത്. നേവി മാർക്ക് ചെയ്ത ഈ ഭാഗത്ത് പുഴയിൽ മണൽതിട്ടകൾ രൂപപ്പെട്ടതിനാൽ ഡ്രഡ്ജറിന് ഈ ഭാഗത്തേക്ക് എത്താനായിരുന്നില്ല. നേരത്തെ ഈശ്വർ മാൽപെ ഉൾപ്പെടെയുള്ള മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിലാണ് ലോഹഭാഗങ്ങളും കയറുൾപ്പെടെയുള്ളവയും കണ്ടെത്തിയത്. ജി പി എസ് സിഗ്നലിൽ ഏറ്റവും കൂടുതൽ ലോഹ സാന്നിധ്യം കണ്ടെത്തിയതും ഈ ഭാഗത്തായിരുന്നു. അതിനാൽ ആഴത്തിൽ മണ്ണ് നീക്കിയുള്ള പരിശോധനയാണ് നടത്തിയത്.

അതേസമയം ഷിരൂരിലെ രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് കേരള സർക്കാരിൻ്റെയും ജനങ്ങളുടേയും പേരിൽ നന്ദി പറഞ്ഞു കൊണ്ടാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിണറായി കത്തയച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com