
കൊല്ലപ്പെട്ട ബിഎസ്‍പി അധ്യക്ഷൻ ആംസ്ട്രോങ്ങിൻ്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ആംസ്ട്രോംഗിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്റ്റാലിന്റെ സന്ദർശനം.
തമിഴ്‌നാട് ബിഎസ്‌പി അധ്യക്ഷൻ ആംസ്ട്രോങ്ങിൻ്റെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ യഥാർത്ഥ പ്രതികളല്ലെന്ന് ബിഎസ്‌പിയും കോൺഗ്രസും ആരോപിച്ചിരുന്നു. ആംസ്ട്രോങ്ങിനെ കൊന്നവരെ പിടികൂടാനായിട്ടില്ലെന്ന് ബിഎസ്‌പി ദേശീയ അധ്യക്ഷ മായാവതി ആരോപിച്ചു. സർക്കാർ നീതി ഉറപ്പാക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നില്ല. കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
ആംസ്ട്രോങ്ങിൻ്റെ കൊലയ്ക്ക് പിന്നിൽ മറ്റ് പലരും ഉണ്ടെന്നും കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമായിരുന്നു തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തഗൈയുടെ പ്രതികരണം.
ബിഎസ്‌പി അധ്യക്ഷൻ ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ തമിഴ്‌നാട് പൊലീസിന് കഴിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും പരിശോധിച്ചായിരുന്നു പൊലീസിൻ്റെ നീക്കം. കേസിൽ ഇതുവരെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ അഞ്ചിന് വൈകിട്ട് ഏഴ് മണിയ്ക്കായിരുന്നു ബൈക്കിലെത്തിയ ആറംഗ സംഘം ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്നാട് തലവൻ ആംസ്ട്രോങ്ങിനെ വെട്ടി കൊലപ്പെടുത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷം ഗുണ്ടാസംഘത്തിലെ ആർക്കോട് സുരേഷിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ബിഎസ്‌പി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം.