
ജമ്മു കശ്മീരിലെ കുൽഗാമിൽ രണ്ട് പ്രദേശങ്ങളിലായി തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറെയടക്കം എട്ട് ഭീകരരെ വധിച്ചതായി സൈന്യം. പ്രദേശത്ത് കഴിഞ്ഞദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. ജില്ലയിലെ തീവ്രവാദി സാന്നിധ്യത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന ഇവിടെ പരിശോധന നടത്തിയത്. എന്നാൽ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം.
തുടർന്ന് നടന്ന ആക്രമണത്തിൽ ആദ്യം നാല് ഭീകരരാണ് മരിച്ചത്. എന്നാൽ ഏറ്റുമുട്ടലിൽ കൂടുതൽ ഭീകരരെ വധിച്ചതായി സൈന്യം പിന്നീട് അറിയിക്കുകയായിരുന്നു. ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിൻ്റെ മരണവും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈനീക വൃത്തങ്ങൾ അറിയിച്ചു.
മോദെർഗാം ഗ്രാമത്തിലെ തിരച്ചിലിനിടെയാണ് കഴിഞ്ഞ ദിവസം സൈനികർക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ആദ്യ വെടിവയ്പിൽ ഒരു സൈനികന് പരിക്കേൽക്കുകയും പിന്നീട് ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. കുൽഗാമിലെ ഫ്രിസൽ ഏരിയയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ നാല് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. എന്നാൽ കനത്ത വെടിവയ്പുണ്ടായ സാഹചര്യത്തിൽ ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനായില്ല.