"മകനെ രക്ഷിക്കാൻ സൈന്യം ഇറങ്ങണം"; കർണാടക സർക്കാരിൽ വിശ്വാസം കുറഞ്ഞെന്ന് അർജുൻ്റെ അമ്മ

കേരളത്തിൽ നിന്ന് ആളുകളെ വിടണമെന്നും രക്ഷാപ്രവർത്തനത്തിൻ്റെ പുരോഗതി പുറംലോകത്തെ അറിയിക്കണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
"മകനെ രക്ഷിക്കാൻ സൈന്യം ഇറങ്ങണം"; കർണാടക സർക്കാരിൽ വിശ്വാസം കുറഞ്ഞെന്ന് അർജുൻ്റെ അമ്മ
Published on

കർണാടക സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ വിശ്വാസം കുറഞ്ഞെന്നും രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങണമെന്നും ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ അമ്മ ഷീല ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് ആളുകളെ വിടണമെന്നും രക്ഷാപ്രവർത്തനത്തിൻ്റെ പുരോഗതി പുറംലോകത്തെ അറിയിക്കണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

"വാഹന ഉടമയെ പൊലീസ് ബുദ്ധിമുട്ടിച്ചു. മകനെ കാണാതായത് മുതൽ കർണാടക, കേരളാ പൊലീസുകാരെ ബന്ധപ്പെട്ടിരുന്നു. പിന്നീട് അനക്കം ഇല്ലാതായതോടെയാണ് ജനപ്രതിനിധികളെ സമീപിച്ചത്. രാത്രി 10.30ന് അംങ്കോല പൊലീസിനെ ബന്ധപ്പെട്ടപ്പോൾ, നേരത്തെ തന്നെ വാഹന ഉടമ അറിയിച്ചു എന്ന മറുപടിയാണ് കിട്ടിയത്," ഷീല പറഞ്ഞു.

രക്ഷാപ്രവർത്തനം നിർത്തിവെയ്ക്കാൻ പാടില്ലെന്നും കർണാടക സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ വിശ്വാസമില്ലെന്നും അർജുൻ്റെ സഹോദരി അഞ്ജുവും ആവശ്യപ്പെട്ടു. "ഇനി ആർക്കും ഇങ്ങനെ വരാൻ പാടില്ല. അഞ്ച് ദിവസമായിട്ടും എന്തുകൊണ്ട് കർണാടക സർക്കാരിന് അർജുനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല? ഇപ്പോഴും സൈന്യം വരേണ്ടതില്ലെന്നതാണ് കർണാടക സർക്കാരിന്റെ നിലപാട്. പരാതി നൽകിയില്ലെന്ന് കർണാടക പോലീസ് ഇപ്പോൾ പറയുന്നു. എന്നാൽ അന്നേ ദിവസം തന്നെ ഫോട്ടോ ഉൾപ്പെടെയുള്ള കാര്യങ്ങൾ അയച്ചു നൽകി. ഗുരുതരമായ വീഴ്ചയാണ് കർണാടക സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത്," അഞ്ജു വിമർശിച്ചു.

"ഓരോ ദിവസവും കഴിയും തോറും ഇപ്പോൾ കിട്ടും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ കഴിയുന്നത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ടുപിടിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് ഇല്ല. അർജുനെ കാണാൻ നടത്തിയ തെരച്ചിലിൽ കിട്ടിയത് മറ്റ് മൃതദേഹങ്ങൾ. സൈന്യം വരണമെന്ന് സുരേഷ് ഗോപിയോട് പറഞ്ഞിരുന്നു," അഞ്ജു കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com