കാസർഗോട്ടെ ബംഗ്ലാദേശ് പൗരൻ്റെ അറസ്റ്റ്; പ്രതി അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അംഗമെന്ന് അന്വേഷണ സംഘം

പ്രതി ഇന്ത്യയിലെത്തിയത് അൻസാറുള്ള ബംഗ്ലാ ടീം കമാൻഡർ ഫർഹാൻ ഇസ്രാക്കിന്റെ നിർദേശ പ്രകാരമാണെന്നും കണ്ടെത്തി
കാസർഗോട്ടെ ബംഗ്ലാദേശ് പൗരൻ്റെ അറസ്റ്റ്; പ്രതി അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അംഗമെന്ന് അന്വേഷണ സംഘം
Published on

കാസർഗോഡ് ബംഗ്ലാദേശ് പൗരനെ അറസ്റ്റ് ചെയ്‌തതിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതി എം.ബി. ഷാദ് ഷെയ്ഖ് "അൻസാറുള്ള ബംഗ്ലാ ടീമി"ൻ്റെ (എബിടി ) സജീവ പ്രവർത്തകനാണെന്നും അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അംഗമാണെന്നും കണ്ടെത്തി.

"സിലിഗുരി കോറിഡോർ" കേന്ദ്രീകരിച്ച് പ്രത്യേക രാജ്യം ഉണ്ടാക്കുകയെന്നതാണ് സംഘടനയുടെ ഉദ്ദേശമെന്നും കണ്ടെത്തിയിട്ടുണ്ട്. ഷാദ് ഷെയ്ഖ് 2018 മുതൽ കാസർഗോഡ് ജില്ലയിലുണ്ടായിരുന്നു. ഉദുമ കേന്ദ്രീകരിച്ച് ഇയാൾ പ്രവർത്തിച്ചിരുന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതി ഇന്ത്യയിലെത്തിയത് അൻസാറുള്ള ബംഗ്ലാ ടീം കമാൻഡർ ഫർഹാൻ ഇസ്രാക്കിൻ്റെ നിർദേശ പ്രകാരമാണെന്നും കണ്ടെത്തി.



കൂടാതെ ഇയാൾക്ക് ഉദുമ ബാങ്ക് ഓഫ് ബറോഡയിൽ 2018 മുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും കണ്ടെത്തി.2018 മുതൽ ഒരു പരിചയവും ഇല്ലാത്തയാൾക്ക് താമസിക്കാൻ സ്ഥലവും, ജോലിയും കൊടുത്ത ആൾക്കാരുണ്ട്. ജോലി നൽകിയ കരാറുകാരനും പ്രതിക്ക് സഹായം ചെയ്തവരും അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ്.


ചില പള്ളികളിൽ തുടർച്ചയായി പോകുകയും, അവിടെ ഉള്ളവരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇൻ്റലിജൻസ് വിഭാഗത്തിനും, അന്വേഷണസംഘത്തിനും വിവരം ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഉദുമയിൽ മാത്രമല്ല, കേരളത്തിലെ പല പ്രദേശങ്ങളിൽ സഞ്ചരിച്ചതായും ചില ക്യാമ്പുകളിൽ പങ്കെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.

ഏതൊക്കെ ക്യാമ്പുകളിലാണ് പങ്കെടുത്തത്, ആരൊക്കെയായിട്ടാണ് തുടർച്ചയായി ബന്ധം സ്ഥാപിച്ചിട്ടുള്ളതെന്നും അന്വേഷണ സംഘത്തിൻ്റെ പരിധിയിൽ ഉൾപ്പെടുന്നു. തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞിട്ടും ഏത് അടിസ്ഥാനത്തിലാണ് ജോലി നൽകിയത് എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ അന്വേഷണമാണ് പ്രതിയുടെ തീവ്രവാദ ബന്ധത്തിൽ കൊണ്ടുചെന്നെത്തിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com