
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. നവംബർ 18നകം ബംഗ്ലാദേശ് കോടതിയിൽ ഹജരാകണമെന്നാണ് നിർദേശമെന്നാണ് റിപ്പോർട്ടുകൾ. രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു.
ഹസീനയുടെ സഹായിക്കെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ മുൻ ജനറല്‍ സെക്രട്ടറിയായിരുന്നു ഒബൈദുള്‍ ഖദാറിനെതിരെയാണ് നടപടിക്ക് ഉത്തരവ്. ഇരുവർക്കും പുറമെ 44 പേർക്കെതിരെയും വാറണ്ടുണ്ട്.
ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ട്രൈബ്യൂണലിൽ രണ്ട് ഹർജികൾ സമർപ്പിച്ചതിനെ തുടർന്നാണ് ചെയർമാൻ ജസ്റ്റിസ് എംഡി ഗോലം മൊർതുസ മജുംദാറിൻ്റെ നേതൃത്വത്തിലുള്ള ട്രൈബ്യൂണൽ ഉത്തരവിട്ടതെന്ന് ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്‌ലാമിനെ ഉദ്ധരിച്ച് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു .
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് അറസ്റ്റ് വാറണ്ട് നൽകിയിരിക്കുന്നത് . 15 വർഷം നീണ്ടുനിന്ന ഹസീനയുടെ ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.അവർ തൻ്റെ രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായാണ് ആരോപണം.