"കല ഒന്നിപ്പിന് വേണ്ടി നിലനിൽക്കുന്നത്, കലാകാരന്മാർക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യം വേണം": പ്രേംകുമാർ

"സെൻസർ ബോർഡ് ഭരണകൂട താല്പര്യങ്ങൾക്ക് വേണ്ടിയാണ് ഉള്ളത്. കേന്ദ്ര സർക്കാർ താൽപര്യങ്ങളാണ് സെൻസർ ബോർഡ് സംരക്ഷിക്കുന്നത്"
"കല ഒന്നിപ്പിന് വേണ്ടി നിലനിൽക്കുന്നത്, കലാകാരന്മാർക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യം വേണം": പ്രേംകുമാർ
Published on

എമ്പുരാൻ വിവാദത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. കലാകാരന്മാർക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യം വേണം. കലാകാരന്മാർക്ക് ആവിഷ്കാര സ്വാതന്ത്ര്യം വേണം. സെൻസറിങ് സംവിധാനത്തോട് വ്യക്തിപരമായ അനുഭാവമില്ലെന്നും പ്രേംകുമാർ പ്രതികരിച്ചു.

"സെൻസർ ബോർഡ് ഭരണകൂട താല്പര്യങ്ങൾക്ക് വേണ്ടിയാണ് ഉള്ളത്. കേന്ദ്ര സർക്കാർ താൽപര്യങ്ങളാണ് സെൻസർ ബോർഡ് സംരക്ഷിക്കുന്നത്. സെൻസർ ബോർഡിന്റെ അനുമതി കിട്ടിയ ശേഷം പ്രദർശിപ്പിക്കുന്ന സിനിമയ്ക്കെതിരെ പ്രകോപനം ഉണ്ടായതിൽ രാഷ്ട്രീയമുണ്ട്. കേരളം സഹിഷ്ണുതയുള്ള സമൂഹമാണ്. മുരളി ഗോപിയുടെ തന്നെ മറ്റൊരു ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ആ സിനിമയ്ക്കെതിരെ കത്രിക വയ്ക്കണമെന്ന് ആരും പറഞ്ഞില്ല," പ്രേംകുമാർ പറഞ്ഞു.

എന്തുകൊണ്ടാണ് ഇപ്പോൾ ഇത്ര അസഹിഷ്ണുത ഉണ്ടാക്കുന്നത് എന്നറിയില്ലെന്നും പ്രേംകുമാർ പറഞ്ഞു. കല ഒന്നിപ്പിന് വേണ്ടി നിലനിൽക്കുന്നതാണ്. അതൊരിക്കലും ഭിന്നിപ്പിന് വേണ്ടിയുള്ളതല്ല. ആ നിലയിലുള്ള ഔചിത്യം കലാകാരന്മാരുടെ ഭാഗത്തുനിന്നും വേണം. കലാകാരന്മാർ ഔചിത്യം പുലർത്തേണ്ടതുണ്ട്. മോഹൻലാലിൻ്റെ ഖേദപ്രകടനം അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാര്യമാണ്. അദ്ദേഹത്തിന് ഖേദം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമുണ്ട്. സിനിമയെ സിനിമയായി കാണണമെന്നും പ്രേംകുമാർ പറഞ്ഞു.

എമ്പുരാൻ നല്ല സിനിമയാണെന്ന് നടി ഷീല പ്രതികരിച്ചു. മാമ്പഴമുള്ള മാവിലാണ് കല്ലെറിയുകയെന്നും, ആളുകൾ പറയും തോറും പരസ്യം കൂടുകയാണെന്നും ഷീല പ്രതികരിച്ചു. സിനിമ ഓരോ ഷോട്ടും മികച്ചതാണ്. നടന്ന കാര്യങ്ങളാണല്ലോ എടുത്തതെന്നും സിനിമ ദേശവിരുദ്ധമാണെന്ന പരാമർശത്തിൽ മറ്റൊന്നും പറയാനില്ലെന്നും ഷീല പ്രതികരിച്ചു.

അതേസമയം, എമ്പുരാനെതിരെയുള്ള വിമർശനം തുടരുകയാണ് ആർഎസ്എസ് മുഖവാരിക ഓർഗനൈസർ. പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെയാണ് ആർഎസ്എസ് മുഖവാരിക ഓർഗനൈസറിൻ്റെ പുതിയ ലേഖനം പുറത്തുവിട്ടിരിക്കുന്നത്. വെട്ടി ചുരുക്കിയിട്ടും സിനിമ അടിസ്ഥാനപരമായി ദേശവിരുദ്ധമാണ് എന്നാണ് ഓർഗനൈസർ ഉന്നയിക്കുന്നത്. ഇസ്ലാമിക ഭീകരരെ അനുകമ്പയുള്ള വ്യക്തികളായി ഇപ്പോഴും സിനിമ ചിത്രീകരിക്കുന്നു. ചിത്രത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com