
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 തിരികെ സ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കവേയാണ് അമിത് ഷായുടെ പ്രസ്താവന. ആർട്ടിക്കിൾ 370 ചരിത്രമാണെന്നും ഒരിക്കലും തിരിച്ച് കൊണ്ടു വരില്ലെന്നും അമിത് ഷാ പറഞ്ഞു. കശ്മീരിൽ യുവാക്കളെ തോക്കുകളും കല്ലുകളും ഏൽപ്പിക്കുന്നതിലേക്ക് നയിച്ചത് ആർട്ടിക്കിൾ 370 ആണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസ് സഖ്യത്തോടെ മത്സരിക്കുന്ന നാഷണൽ കോൺഫറൻസ് പാർട്ടി പുറത്തിറക്കിയ പ്രകടന പത്രികയിൽ പറയുന്നുണ്ട്. 2019ലാണ് ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു നീക്കിയത്. 2014ന് ശേഷം ജമ്മു കശ്മീരിൽ നടക്കാൻ പോകുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. ജമ്മു കശ്മീരിന് ഉടൻ തന്നെ കേന്ദ്ര പദവി തിരികെ നൽകുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന് ശേഷം സംസ്ഥാനം ബിജെപിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ഇന്ത്യയുമായി എപ്പോഴും ചേർത്ത് നിർത്തുവാൻ ശ്രമിച്ചിട്ടുള്ളതായും ജമ്മു കശ്മീരിൽ രണ്ട് ദിവസത്തെ സന്ദർശത്തിന് എത്തിയ അമിത് ഷാ പറഞ്ഞു.
2014 വരെ, വിഘടനവാദത്തിൻ്റെയും ഭീകരവാദത്തിൻ്റെയും നിഴലിലായിരുന്നു ജമ്മു കശ്മീർ. വിവിധ സംസ്ഥാന ഇതര പ്രവർത്തകർ അതിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചിരുന്നു. സർക്കാരുകൾ ഇതിനോട് പ്രീണന നയം സ്വീകരിക്കുകയും ചെയ്തു. പക്ഷേ, ഇന്ത്യയുടെയും ജമ്മു കശ്മീരിൻ്റെയും ചരിത്രം എഴുതുമ്പോഴെല്ലാം, 2014 നും 2024 നും ഇടയിലുള്ള വർഷങ്ങൾ ജമ്മു കശ്മീർ സുവർണ ലിപികളിൽ എഴുതപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.
2019 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ആർട്ടിക്കിൾ 370 നീക്കം ചെയ്തത് സംസ്ഥാനത്തിൻ്റെ വികസനത്തിന് കരുത്തേകിയെന്നും അമിത് ഷാ അറിയിച്ചു.
"സമാധാനപരവും സുരക്ഷിതവും വികസിതവും അഭിവൃദ്ധിയുള്ളതുമായ" ജമ്മു കശ്മീരിനെ ലക്ഷ്യം വച്ചുള്ളതാണ് ബിജെപിയുടെ പ്രകടന പത്രികയെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18 നാണ് ആരംഭിക്കുക. വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ്.