
ശബരിമല മേൽശാന്തിയായി എസ്. അരുൺകുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മേല്‍ശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു.
ഇന്ന് ഉഷ പൂജകൾക്ക് ശേഷമായിരുന്നു ശബരിമല മേൽശാന്തിക്കായുള്ള നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിൻ്റെ ഇളമുറക്കാരാണ് മേൽശാന്തിമാരെ നറുക്കെടുത്തത്. നറുക്കെടുപ്പിൽ കൊല്ലം ശക്തികുളങ്ങര സ്വദേശി അരുൺകുമാറിനെ തെരഞ്ഞെടുക്കുകയായിരുന്നു.
നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പൻ്റെ അനുഗ്രഹമെന്നായിരുന്നു അരുൺകുമാർ നമ്പൂതിരിയുടെ ആദ്യ പ്രതികരണം. വർഷങ്ങളായുള്ള ആഗ്രഹത്തിൻ്റെ പൂർത്തീകരണമാണിതെന്നും ശബരിമല മേൽശാന്തി പട്ടികയിൽ ആറ് തവണ ഉൾപ്പെട്ടിട്ടുണ്ടെന്നും അരുൺ പറയുന്നു. രണ്ട് വർഷം ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു അരുൺകുമാർ നമ്പൂതിരി. നിലവില്‍ ലക്ഷ്മിനട ക്ഷേത്രത്തിലെ പൂജാരിയാണ് അരുൺകുമാർ.
മാളികപ്പുറം മേൽശാന്തിയായി നറക്കെടുക്കപ്പെട്ട വാസുദേവന്‍ നമ്പൂതിരി കോഴിക്കോട് സ്വദേശിയാണ്. ഏതൊരു നമ്പൂതിരിയും ആഗ്രഹിക്കുന്ന പദവിയാണ് തനിക്ക് ലഭിച്ചതെന്ന് വാസുദേവൻ നമ്പൂതിരി പറഞ്ഞു. അപവാദങ്ങൾ പറഞ്ഞ് ഒരു ക്ഷേത്രത്തിൽ നിന്ന് തന്നെ പുറത്താക്കിയെന്നും, ഈ സാഹചര്യത്തിലെ നിയമനം അനുഗ്രഹമായെന്നും വാസുദേവൻ നമ്പൂതിരി പറയുന്നു. നറുക്കെടുപ്പില്‍ പതിമൂന്നാമതായാണ് വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
പന്തളംകൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് വര്‍മ (ശബരിമല), വൈഷ്ണവി (മാളികപ്പുറം) എന്നിവരാണ് മേല്‍ശാന്തിമാരെ നറുക്കെടുത്തത്. ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അപേക്ഷ നല്‍കിയത്. ഹൈക്കോടതി നിരീക്ഷകൻ്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. തുലാമാസ പൂജകള്‍ക്ക് ശേഷം 21 ന് രാത്രി പത്തിന് നട അടയ്ക്കും.