മോദി സർക്കാർ കാണിച്ചത് അനീതി; ജാട്ട് സമുദായത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അരവിന്ദ് കെജ്‌രിവാൾ

ജാട്ട് സമുദായത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതായും കെജ്‌രിവാൾ
മോദി സർക്കാർ കാണിച്ചത് അനീതി; ജാട്ട് സമുദായത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അരവിന്ദ് കെജ്‌രിവാൾ
Published on


തെരഞ്ഞെടുപ്പ് പ്രചരണമാരംഭിച്ച ഡൽഹിയിൽ ബിജെപിക്കെതിരെ സാമുദായിക വിവേചനം ഉന്നയിച്ച് ആം ആദ്മി പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഡൽഹി സർവകലാശാലാ സംവരണത്തിൽ ജാട്ട് സമുദായത്തെ ഒഴിവാക്കി കേന്ദ്രസർക്കാർ വഞ്ചിച്ചെന്ന് കെജ്‌രിവാൾ പറ‍ഞ്ഞു. ഡൽഹി സർവകലാശാലാ നിയമന സംവരണം അട്ടിമറിച്ച ബിജെപി, ജാട്ട് സമുദായത്തോട് അനീതി കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ഒരു ദശാബ്ദമായി കേന്ദ്രം ജാട്ട് സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാട്ട് സമുദായത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതായും കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഎപി അധികാരത്തിലെത്തിയാൽ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും ജാട്ട് സമുദായ സംവരണം ഉറപ്പാക്കുമെന്നും കെജ്‌രിവാൾ ഉറപ്പു നൽകി.

2015ൽ ജാട്ട് നേതാക്കളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ബിജെപി ക്ഷണിക്കുകയും ഡൽഹിയിലെ ജാട്ട് സമുദായത്തെ കേന്ദ്ര ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. 2019ലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇക്കാര്യം ഉറപ്പുനൽകിയതാണ്. എന്നാൽ ഇവ നിറവേറ്റാനായി മോദി സർക്കാർ‌ ഒന്നും ചെയ്തിട്ടില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.

രാജസ്ഥാനിൽ നിന്നുള്ള ജാട്ട് വിദ്യാർഥികൾക്ക് ഡൽഹി യൂണിവേഴ്സിറ്റിയിൽ സംവരണം നൽകുമ്പോൾ ഡൽഹിയിലെ ജാട്ട് വിദ്യാർഥികൾക്ക് അത് നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു. കേന്ദ്ര ഒബിസി പട്ടികയിൽ ഉൾപ്പെടാത്തതിനാൽ ഡൽഹിയിലെ ജാട്ട് സമുദായത്തിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടാനാകുന്നില്ലെന്നും കെജ്‌രിവാൾ ആരോപിച്ചു. ജാട്ട് സമുദായത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ പോരാട്ടം തുടരുമെന്നും കെജ്‌രിവാൾ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com