കെജ്‌രിവാളിൻ്റെ ജാമ്യം; വിധി പറയും വരെ താൽക്കാലിക സ്റ്റേ

ഇഡി അപേക്ഷയിൽ വാദം പൂർത്തിയാകാൻ രണ്ടോ മൂന്നോ ദിവസം എടുക്കുമെന്നതിനാല്‍ ഈ കാലയളവിൽ കെജ്‌രിവാളിൻ്റെ ജാമ്യത്തിനുള്ള സ്റ്റേ തുടരും.
കെജ്‌രിവാളിൻ്റെ ജാമ്യം; വിധി പറയും വരെ താൽക്കാലിക സ്റ്റേ
Published on

ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിചാരണക്കോടതി വിധി ഡെല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ജസ്റ്റിസ് സുധീർ കുമാർ ജെയിൻ, രവീന്ദർ ദുദേജ എന്നിവരുടെ ബെഞ്ചിന് മുൻപാകെ വിചാരണക്കോടതി നൽകിയ ജാമ്യത്തെ ചോദ്യം ചെയ്തുകൊണ്ട് ഇഡി നല്‍കിയ അപേക്ഷയിലാണ് തീരുമാനം. ഇഡി അപേക്ഷയില്‍ വിധി പറയുംവരെയാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്.  

വിചാരണക്കോടതിയുടെ വിധിയിൽ അപാകതകളുണ്ടെന്നായിരുന്നു ഇ ഡിയുടെ വാദം. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ആ രേഖകൾ ഹാജരാക്കാൻ അവസരം ലഭിച്ചില്ലായെന്നും അതിനാല്‍ വസ്തുതകൾ പരിശോധിച്ച് ജാമ്യം റദ്ദാക്കണമെന്നും ഇ ഡിയ്ക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) എസ് വി രാജു കോടതിയെ അറിയിച്ചു. ഭരണഘടന പദവിയുള്ളത് കൊണ്ട് ജാമ്യം ലഭിക്കുകയെന്നത് കേട്ടറിവില്ലാത്ത കാര്യമാണെന്നും എ.എസ്.ജി പറഞ്ഞു. ഇത് പരിഗണിച്ച കോടതി മതിയായ രേഖകൾ ഹാജരാക്കാൻ സമയം അനുവദിക്കുകയായിരുന്നു. ഇ ഡിയുടെ അപേക്ഷയിൽ വാദം പൂർത്തിയാകാൻ രണ്ടോ മൂന്നോ ദിവസം എടുക്കും. അതിനാൽ ഈ കാലയളവിൽ ജാമ്യത്തിനുള്ള സ്റ്റേ തുടരും. അതായത്, ഈ ദിവസങ്ങളിലും കെജ്‌രിവാൾ തുടരേണ്ടി വരും.

കെജ്‌രിവാളിനായി ഹാജരായ അഭിഷേക് മനു സിങ്‌വി കേസിനു പിന്നിൽ രാഷ്ട്രീയ വിരോധമാണെന്നാണ് വാദിച്ചത്. ഇ ഡി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഒരു സർക്കാരിൽ നിന്നും ഇത്തരമൊരു നീക്കമുണ്ടായത് സങ്കടകരമാണെന്നും സിങ്‌വി പറഞ്ഞു.സ്റ്റേ നടപടി പിൻവലിച്ചില്ലെങ്കിൽ കെജ്‌രിവാൾ വീണ്ടും ജയിലിൽ പോകേണ്ടി വരുമെന്നും വ്യക്തി സ്വാതന്ത്ര്യമെന്നത് ഇ ഡിയുടെ കണ്ണിൽ വളരെ ചെറിയ കാര്യമാണെന്നും സിങ്‌വി തന്‍റെ വാദത്തിൽ കൂട്ടിച്ചേർത്തു.

2021 - 22 കാലത്ത് ഡെൽഹിയിലെ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ കോഴ വാങ്ങി എന്ന കേസിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഇ ഡി അറസ്റ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിൽ പങ്കെടുക്കാൻ കോടതിയിൽ നിന്നും ഇടക്കാല ജാമ്യം ലഭിച്ചതൊഴിച്ചാൽ നീണ്ട കാലമായി കെജ്‌രിവാൾ തിഹാർ ജയിലിലാണ്.ഇടക്കാല ജാമ്യം ഏഴ് ദിവസം കൂടി നീട്ടി നൽകണമെന്ന് കാണിച്ച് കെജ്‌രിവാൾ അപേക്ഷ സമർപ്പിച്ചെങ്കിലും സുപ്രീം കോടതി അത് സ്വീകരിച്ചില്ല. രണ്ട് കാര്യങ്ങളാണ് പ്രധാനമായും കെജ്‌രിവാളിനെതിരെ ഇ ഡി ഉന്നയിക്കുന്നത്. ഒന്ന്, കെജ്‌രിവാൾ വ്യക്തിപരമായി പണം ആവശ്യപ്പെട്ടു. രണ്ടാമത്തേത്, എഎപി കള്ളപ്പണ ഇടപാടിൽ കുറ്റക്കാരായതിനാൽ അതിന്‍റെ ഉത്തരവാദിത്തം പാർട്ടി നേതാവും മുഖ്യമന്ത്രിയും എന്ന നിലയ്ക്ക് കെജ്‌രിവാളിനുണ്ട് എന്നതാണ്. കോഴയായി കിട്ടിയ പണം ഗോവ ഇലക്ഷനായി ഉപയോഗിച്ചുവെന്നാണ് ഇ ഡി ഉയർത്തിയ മറ്റൊരു ആരോപണം. എന്നാല്‍ ഈ വാദങ്ങൾ സാധൂകരിക്കാൻ ഇ ഡി യുടെ കൈവശം തെളിവുകളില്ലെന്നാണ് കെജ്‌രിവാളിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിലാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം കിട്ടിയതിന്‍റെ സന്തോഷത്തിൽ ഡെൽഹിയിലെ വിവിധ ഇടങ്ങളിൽ ആം ആദ്മി പാർട്ടി പ്രവർത്തകരും നേതാക്കളും ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഭാര്യ സുനിത കെജ്‌രിവാളും പാർട്ടി നേതാക്കളും വൈകുന്നേരം 4 മണിക്ക് തിഹാർ ജയിലിലെത്തി അരവിന്ദ് കെജ്‌രിവാളിനെ സ്വീകരിക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് ഇ ഡിയുടെ ഭാഗത്തു നിന്നുള്ള അപ്രതീക്ഷിത നീക്കവും കോടതിയുടെ സ്റ്റേയും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com