'അൻവർ ഒന്നും ചെയ്തിട്ടില്ല'; നിലമ്പൂരിലെ വികസന മുരടിപ്പ് എടുത്തുകാട്ടി ആര്യാടന്‍ ഷൗക്കത്ത്

ഇപ്പോൾ യുഡിഎഫുമായി ചർച്ച ചെയ്യുന്നു എന്ന് പറയുന്ന അൻവർ ഡിഎംകെ, ടിഎംസി എന്നീ പാർട്ടികളുമായി ചർച്ച നടത്തി എന്ന് പ്രചരിപ്പിച്ചയാളാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി
'അൻവർ ഒന്നും ചെയ്തിട്ടില്ല'; നിലമ്പൂരിലെ വികസന മുരടിപ്പ് എടുത്തുകാട്ടി ആര്യാടന്‍ ഷൗക്കത്ത്
Published on

നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. കഴിഞ്ഞ ഒൻപത് വർഷമായി നിലമ്പൂർ മണ്ഡലത്തിലുണ്ടായത് വികസന മുരടിപ്പ് മാത്രമാണെന്നാണ് ഷൗക്കത്തിന്റെ വിമർശനം. അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് വാർത്തകൾ സജീവമായി നിൽക്കുന്ന സാഹചര്യത്തിലാണ് പ്രമുഖ കോൺ​ഗ്രസ് നേതാക്കളിൽ ഒരാളിൽ നിന്ന് ഇത്തരത്തിലൊരു പ്രതികരണം വരുന്നത്.

2019ലെ പ്രളയത്തിൽ വീടുകൾ തകർന്ന ആദിവാസികളെ പുന:രധിവസിപ്പിക്കാൻ പി.വി. അൻവർ ഒന്നും ചെയ്തിട്ടില്ല. സർക്കാർ കോളേജ്, ബൈപാസ് , കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വികസനം ഒന്നും ഇതുവരെ നടന്നിട്ടില്ലെന്നും ആര്യാടൻ ഷൗക്കത്ത് വിമ‍ർശിച്ചു. നിലമ്പൂർ മണ്ഡലത്തിലെ വികസനമുരടിപ്പിന് കാരണം അൻവർ തന്നെയെന്ന് സിപിഎം നേരത്തെ പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ യുഡിഎഫുമായി ചർച്ച ചെയ്യുന്നു എന്ന് പറയുന്ന അൻവർ ഡിഎംകെ, ടിഎംസി എന്നീ പാർട്ടികളുമായി ചർച്ച നടത്തി എന്ന് പ്രചരിപ്പിച്ചയാളാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.



നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായിരുന്ന അൻവ‍ർ ഇന്നലെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് ഇറങ്ങിയ അൻവ‍ർ ധാർമിക പിന്തുണ നൽകിയ യുഡിഎഫിന് നന്ദി അറിയിച്ചിരുന്നു. പിണറായിസം അവസാനിപ്പിക്കാൻ യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കുമെന്നായിരുന്നു അൻവറിന്റെ പ്രതികരണം. യുഡിഎഫുമായി അനൗദ്യോ​ഗിക ചർച്ചകൾ നടന്നതായും അന്‍വർ അറിയിച്ചു. എന്നാൽ അൻവറിന്റെ മുന്നണി പ്രവേശനത്തെപ്പറ്റി യുഡിഎഫ് നേതാക്കളുടെ ഭാ​ഗത്തുനിന്നും സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

യുഡിഎഫ് പ്രവേശനം ഉറപ്പിക്കാൻ ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി തങ്ങള്‍, പി.കെ. കുഞ്ഞാലികുട്ടി എന്നിവരുമായി ഇന്ന് അൻവർ‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പുതിയ വനനിയമ ഭേദഗതി ബില്ലിലെ ജനവിരുദ്ധതയാണ് ചര്‍ച്ച ചെയ്തതെന്ന് അന്‍വറും ഉന്നയിക്കുന്ന വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ലീഗ് നേതാക്കളും പറഞ്ഞു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com