നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി; ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തി

ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. കെപിസിസിയുടെ തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി; ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തി
Published on

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാർഥി. ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. കെപിസിസിയുടെ തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. പി.വി. അൻവറിന് വഴങ്ങേണ്ടതില്ലെന്ന് യുഡിഎഫ് യോ​ഗത്തിൽ തീരുമാനിക്കുകയായിരുന്നു. സാമുദായിക പരിഗണനയും ഷൗക്കത്തിന് അനുകൂലമായി.

മലപ്പുറം ജില്ലയിലെയും നിലമ്പൂരിലെയും കോൺഗ്രസ് പ്രവർത്തകർ തനിക്ക് നൽകിയ അവസരം നന്നായി വിനിയോഗിക്കുമെന്നും, ഒരു പതിറ്റാണ്ടോളം നിലമ്പൂരിലുണ്ടായ വികസന മുരടിപ്പ് ചർച്ചയാക്കുമെന്നും പ്രഖ്യാപനത്തിന് പിന്നാലെ ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. നിലമ്പൂരിൽ ഐക്യത്തോടെ പ്രവർത്തിക്കുമെന്നും ബഹുഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഈ അവസരം തന്ന സംസ്ഥാന, ദേശീയ നേതൃത്വത്തോട് നീതി പുലർത്തും. സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു. 

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നാളെ മുതൽ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപനത്തിന് പിന്നാലെ അറിയിച്ചു. പി.വി. അൻവർ യുഡിഎഫിൻ്റെ ഭാഗമാകുമെന്നും, ഏത് തരത്തിലാണ് യുഡിഎഫിൻ്റെ ഭാഗമാകുക എന്ന് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ഇനി അൻവറിൻ്റെ നിലപാടാകും നിർണായകമാകുക. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാ‍ർഥിയായി പി.വി. അൻവ‍ർ മത്സരിച്ചേക്കും എന്ന വാർത്ത പുറത്തുവന്നിരുന്നു. തൃണമൂലിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാനും നീക്കമുണ്ട്. അൻവർ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ പൊതുവികാരം. വേണ്ടി വന്നാൽ സ്ഥാനാർഥിയായേക്കുമെന്ന് അൻവ‍ർ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.

നിലമ്പൂരില്‍ 'അന്‍വർ എഫക്ട്' ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ ആവർത്തിക്കുമ്പോള്‍ തന്നെയാണ് സമ്മർദതന്ത്രങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന കോണ്‍ഗ്രസിന്‍റെ തീരുമാനം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്നാണ് അന്‍വർ ആദ്യം മുതല്‍ ആവശ്യപ്പെടുന്നത്. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലും ജോയിയുടെ പേര് പറയാതെ ഇക്കാര്യം അന്‍വർ സൂചിപ്പിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അതൃപ്തി അന്‍വറിന്‍റെ വാക്കുകളില്‍ പ്രകടമായിരുന്നു. ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്നായിരുന്നു അൻവറിന്‍റെ നിലപാട്.

ജൂൺ 19നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 23ന് വോട്ടെണ്ണലും നടക്കും. പി.വി. അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com