
കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്നും കാണാതായ വിദ്യാര്‍ഥി ആര്യനെ കണ്ടെത്തി. കോഴിക്കോട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസ് കുട്ടിയുമായി കണ്ണൂരിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശി ആര്യനെ കാണാതായത്. പൊലീസ് അന്വേഷണം തുടരുന്നതിനിടയില്‍ ഇന്ന് രണ്ട് തവണ ആര്യന്‍ രക്ഷിതാക്കളുമായി ബന്ധപ്പെട്ടിരുന്നു.
താന്‍ സേഫ് ആണെന്നും തിരിച്ചെത്തുമെന്നും അറിയിച്ച് ഇന്ന് രാവിലെ അമ്മയുടെ ഫോണിലേക്കാണ് ആര്യന്‍ ആദ്യം മെസേജ് അയച്ചത്. തുടര്‍ന്ന് തിരിച്ചുവരുമെന്ന് അറിയിച്ച് വൈകിട്ടോടെ വീഡിയോ കോളും ചെയ്തിരുന്നു. രണ്ട് വട്ടവും ഇന്‍സ്റ്റാഗ്രാം വഴിയാണ് ആര്യന്‍ വീട്ടുകാരുമായി ബന്ധപ്പെട്ടത്. കുട്ടിയുടെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമം പുരോഗമിക്കവെയാണ് കുട്ടിയെ കോഴിക്കോട് നിന്നും ലഭിച്ചത്.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയ വിദ്യാര്‍ഥി തിരികെ വീട്ടിലെത്തിയിരുന്നില്ല. സ്‌കൂള്‍ ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചുവരുത്തിയിരുന്നു. വൈകിയിട്ടും ആര്യനെ കാണാതായതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സന്ധ്യയ്ക്ക് കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലും, പഴയ ബസ് ബസ് സ്റ്റാന്‍ഡിലും കുട്ടിയെ കണ്ടതായും വിവരം ലഭിച്ചിരുന്നു.