എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടു കിട്ടണം; സുപ്രീം കോടതിയെ സമീപിച്ച് മകള്‍ ആശ ലോറന്‍സ്

സിപിഎമ്മിനെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിച്ചേക്കും.
എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടു കിട്ടണം; സുപ്രീം കോടതിയെ സമീപിച്ച് മകള്‍ ആശ ലോറന്‍സ്
Published on
Updated on


അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് ആശ ലോറന്‍സ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

എം.എം. ലോറന്‍സിന്റെ മൃതദേഹം മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ആശ ലോറന്‍സ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയെങ്കിലും മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പിന്നീട് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചും ഉത്തരവിട്ടത്. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പിതാവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കണമെന്നത് രാഷ്ട്രീയ തീരുമാനമായിരുന്നു. പല മതപരമായ ചടങ്ങുകളിലും പങ്കെടുത്ത ആളാണ് അദ്ദേഹം. അനാട്ടമി ആക്ടില്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കാതെയാണ് മെഡിക്കല്‍ ബോര്‍ഡ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും അതുകൊണ്ട് മൃതദേഹം വിട്ടു നല്‍കണമെന്നുമാണ് ആശ ലോറന്‍സ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. സിപിഎമ്മിനെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിച്ചേക്കും.

സെപ്റ്റംബര്‍ 21നാണ് എം.എം. ലോറന്‍സ് അന്തരിച്ചത്. സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും, മുന്‍ എംപിയും, സിഐടിയു അഖിലേന്ത്യാ നേതാവുമായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍, സിഐടിയു സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ക്രൂരമായ പൊലീസ് അതിക്രമം നേരിടേണ്ടി വന്ന നേതാക്കളില്‍ ഒരാളാണ് എം.എം. ലോറന്‍സ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com