തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന ഉത്തരവ് തള്ളി ആശാ വര്‍ക്കര്‍മാര്‍; ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരാന്‍ തീരുമാനം

സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും തിരികെ ജോലിയില്‍ പ്രവേശിക്കാത്ത സ്ഥലങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നുമായിരുന്നു സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ ഉത്തരവ്.
ആശ വർക്കർമാരുടെ സമരം
ആശ വർക്കർമാരുടെ സമരം
Published on


സെക്രട്ടേറിയറ്റ് പടിക്കലിലെ ആശാവര്‍ക്കര്‍മാരുടെ സമരം 17-ാം ദിവസത്തില്‍. എല്ലാ ആശമാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ ഉത്തരരവ് തള്ളി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. കൂടുതല്‍ നേതാക്കള്‍ ഇന്ന് സമരത്തിലെത്തിയേക്കും.

സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും തിരികെ ജോലിയില്‍ പ്രവേശിക്കാത്ത സ്ഥലങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നുമായിരുന്നു സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ ഉത്തരവ്. ഈ നടപടികള്‍ക്ക് കാലതാമസം നേരിട്ടാല്‍ തൊട്ടടുത്ത വാര്‍ഡിലെ ആശ പ്രവര്‍ത്തകയ്ക്ക് അധിക ചുമതല നല്‍കിയോ നിലവിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുഖാന്തരമോ ആരോഗ്യ മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേനയോ ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മന്ത്രിയുടെ നേതൃത്വത്തില്‍ വിഷയം ചര്‍ച്ച ചെയ്തെങ്കിലും സമവായ നീക്കമെന്ന നിലയില്‍ രണ്ട് ആവശ്യങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചത്. തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ ആശാവര്‍ക്കര്‍മാരുടെ മഹാസംഗമവും ഇന്ന് നടന്നു. വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് ആശ വര്‍ക്കര്‍മാരുടെ തീരുമാനം.

ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച് വി.ഡി. സതീശന്‍, രമേശ് ചെന്നത്തില, വി.എം. സുധീരന്‍, അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. സിപിഐയും വനിതാ കമ്മീഷനും ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ന്യായമായ സമരമാണെന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞത്. വളരെ ഗൗരവമുള്ള വിഷയമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com