പ്രതിഷേധം ശക്തമാക്കാൻ ആശാ വർക്കർമാർ; സമരം 23-ാംദിവസത്തിലേക്ക്

സമരത്തിന് പിന്തുണയുമായി ഇന്ന് ബിജെപി സെക്രട്ടേറിയേറ്റ് മാർച്ച് സംഘടിപ്പിക്കും
പ്രതിഷേധം ശക്തമാക്കാൻ ആശാ വർക്കർമാർ; സമരം 23-ാംദിവസത്തിലേക്ക്
Published on

സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന സമരം 23 ആം ദിവസത്തിലേക്ക് . പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം. സമരത്തിന് പിന്തുണയുമായി ഇന്ന് ബിജെപി സെക്രട്ടേറിയേറ്റ് മാർച്ച് സംഘടിപ്പിക്കും.


ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം വര്‍ധിപ്പിക്കുക,വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം തള്ളിക്കളഞ്ഞാണ് സമരം തുടരുന്നത്.കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിൽ കനത്ത മഴ പെയ്തിരുന്നെങ്കിലും പിന്മാറാതെ ആശാ വർക്കർമാർ അവിടെ തന്നെ തുടരുകയായിരുന്നു. മഴ പെയ്താൽ നനയാതിരിക്കാൻ കെട്ടിയ ടാർപോളീൻ ഷീറ്റ് പൊലീസ് നീക്കം ചെയ്തത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി സമരപ്പന്തലിൽ എത്തിയിരുന്നു.



അതേസമയം ആശാ വർക്കർമാരുടെ സമരത്തിൽ കടുംപിടുത്തമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശ എന്നത് കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീമാണ്. അവർ ആശാ വർക്കർമാരെ വര്‍ക്കേഴ്‌സ് ആയി പോലും കാണുന്നില്ല.സ്‌കീം തുടങ്ങിയപ്പോള്‍ ഇന്‍സെന്റീവ് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍സെന്റീവ് ഇനത്തില്‍ 100 കോടിയോളം രൂപ കേന്ദ്രം നല്‍കാനുണ്ട്.കൂടുതല്‍ തുക നല്‍കണം എന്ന് തന്നെയാണ് സര്‍ക്കാരിന്റെയും ആവശ്യം. കേരളം പണം നല്‍കുന്നില്ലെന്ന് ആശമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസര്‍ഗോഡ് നിന്ന് വന്ന ആശമാര്‍ ഇന്ന് സമരത്തിനില്ല. തെറ്റിദ്ധരിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ആശമാര്‍ സമരം അവസാനിപ്പിച്ച് മടങ്ങി പോകുന്നുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com