ആശാ വർക്കർമാരുടെ സമരം രണ്ടാംഘട്ടത്തിലേക്ക്; ഈ മാസം 17ന് സെക്രട്ടറിയേറ്റ് ഉപരോധം

വിവിധ സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയാകും സെക്രട്ടറിയേറ്റ് ഉപരോധിക്കുക
ആശാ വർക്കർമാരുടെ സമരം രണ്ടാംഘട്ടത്തിലേക്ക്; ഈ മാസം 17ന് സെക്രട്ടറിയേറ്റ് ഉപരോധം
Published on

ഓണറേറിയം വർധനവ് ഉൾപ്പെടെ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ സമരം രണ്ടാംഘട്ടത്തിലേക്ക്. ഈ മാസം 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കാനാണ് ആശമാരുടെ തീരുമാനം. വിവിധ സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയാകും സെക്രട്ടറിയേറ്റ് ഉപരോധിക്കുക. സമരം തുടങ്ങി ഒരു മാസത്തോളമായിട്ടും സർക്കാർ ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് നിയമലംഘന സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.



അതേസമയം, ആശാ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച സിഐടിയു നേതാവ് കെ. എൻ. ഗോപിനാഥിന് അപകീർത്തി നോട്ടീസ് അയച്ചു. സുരേഷ് ഗോപി സമര പന്തലിൽ എത്തിയത് ചൂണ്ടിക്കാട്ടി നടത്തിയ പരാമർശം പിൻവലിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കിൽ പത്ത് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. വനിതാ ദിനത്തിൽ സമരക്കാർ ചേർന്ന് മഹാസംഗമം സംഘടിപ്പിച്ചിരുന്നു. മഹാസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് സാംസ്കാരിക, കലാരംഗത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു.



പിഎസ്‌സി അംഗങ്ങള്‍ക്ക് സ്വര്‍ണ്ണക്കരണ്ടിയില്‍ ശമ്പളം നല്‍കുന്ന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നില്ല എന്നായിരുന്നു സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന വിമർശനം. സമരം തെളിഞ്ഞ വെള്ളത്തില്‍ നഞ്ച് കലക്കിയത് പോലെ സര്‍ക്കാരിനെ ബാധിക്കുന്നുണ്ടെന്ന് ഓര്‍ക്കണം എന്നും പ്രതിനിധികള്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ആശാ വർക്കർമാരുടെ സമരത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് വീഴ്ച പറ്റിയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.



ഫെബ്രുവരി 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാ വര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com