
ഉത്തർപ്രദേശ് സംഭലിലെ ഷാഹി ജുമാ മസ്‌ജിദിൽ പെയിൻ്റടിക്കുന്നതിന് മുന്നോടിയായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സ്ഥലം സന്ദർശിച്ചു. പെയിൻ്റടിക്കൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണമെന്ന് അലഹബാദ് ഹൈക്കോടതി എഎസ്ഐയോട് നിർദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. എഎസ്ഐ സംഘം ജോലിയുടെ വ്യാപ്തി നിർണയിക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും വേണ്ടിയുള്ള സർവേകൾ നടത്തിവരികയാണെന്ന് ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് സഫർ അലി പറഞ്ഞു.
"ഞങ്ങൾ ടീമുമായി പൂർണമായും സഹകരിക്കുന്നു, ഒരു പ്രശ്‌നവുമില്ല. അവർ അളവുകൾ എടുത്തു. അംഗീകാരത്തിന് ശേഷം പെയിൻ്റിങ് ജോലികൾ ഉടൻ ആരംഭിക്കും",അദ്ദേഹം പറഞ്ഞു. എഎസ്ഐയുടെ മാർഗ നിർദേശങ്ങൾ അനുസരിച്ച് പള്ളി കമ്മിറ്റി പെയിൻ്റിങ് ജോലികൾക്ക് മേൽനോട്ടം വഹിക്കും.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് പള്ളിയെ സംബന്ധിച്ച് ചില വിവാദങ്ങൾ ഉയർന്നിരുന്നു. മുഗൾ കാലഘട്ടത്തില്‍, വിഷ്ണു ക്ഷേത്രം തകർത്ത് ബാബർ, പള്ളി നിർമിച്ചുവെന്നായിരുന്നു ഷാഹി ജമാ മസ്ജിദിനെ പറ്റിയിള്ള വിവാദം. ഷാഹി ജമാ മസ്ജിദ് പള്ളിയല്ല, ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര ഹിന്ദുത്വ അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ ഉൾപ്പെടെ എട്ട് പേർ ഹർജി സമർപ്പിച്ചു.
പള്ളിക്കുള്ളിൽ ഹരി ഹർ മന്ദിറിൻ്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും ജമാ മസ്ജിദ് സംരക്ഷണ സമിതി നിയമവിരുദ്ധമായി ഈ സ്ഥലം ഉപയോഗിക്കുകയാണെന്നും ഹർജിക്കാർ വാദിച്ചു.കേസ് പരിഗണിച്ച യുപിയിലെ പ്രാദേശിക സിവിൽ കോടതി സർവേയ്ക്ക് ഉത്തരവിട്ടതിന് പിന്നാലെ സ്ഥലത്ത് കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. 5പേരാണ് കലാപത്തെ തുടർന്ന് കൊല്ലപ്പെട്ടത്. മുഗൾ കാലഘട്ടത്തില്‍,വിഷ്ണു ക്ഷേത്രം തകർത്ത് ബാബർ, പള്ളി നിർമിച്ചു എന്നാണ് ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലെ ഷാഹി ജമാ മസ്ജിദിനെ ചുറ്റിപറ്റിയുള്ള വിവാദം.