അപകീര്‍ത്തിപ്പെടുത്തുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി; വിക്കീപീഡിയയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി എ.എന്‍.ഐ

രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് വിക്കിമീഡിയ ഫൗണ്ടേഷനും അതിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഏഷ്യന്‍ ന്യൂസ് ഇന്‍റര്‍നാഷണല്‍, വിക്കീപീഡിയ ലോഗോകള്‍
ഏഷ്യന്‍ ന്യൂസ് ഇന്‍റര്‍നാഷണല്‍, വിക്കീപീഡിയ ലോഗോകള്‍
Published on

അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് വിക്കിപീഡിയയ്ക്കെതിരെ മാനനഷ്ടക്കേസുമായി വാര്‍ത്താ ഏജന്‍സി ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍. വിക്കീപീഡിയയിലെ എ.എന്‍.ഐയുടെ പേജില്‍, അപകീര്‍ത്തിപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചു എന്നാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയുടെ പരാതി. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് വിക്കിമീഡിയ ഫൗണ്ടേഷനും അതിന്റെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ എ.എന്‍.ഐ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇടക്കാല ആശ്വാസം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് നവീന്‍ ചൗള വിക്കിപീഡിയയ്ക്ക് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 20ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും.

എ.എന്‍.ഐയുടെ വിക്കിപീഡിയ പേജില്‍ വന്ന വിശദാംശങ്ങളിലാണ് തര്‍ക്കം. വ്യാജ വാര്‍ത്താ വെബ്സൈറ്റുകള്‍, തെറ്റായ റിപ്പോര്‍ട്ടുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രൊപ്പഗണ്ട ഉപകരണമായി എ.എൻ.ഐ പ്രവര്‍ത്തിക്കുന്നു എന്ന തരത്തിലായിരുന്നു വിക്കിപീഡിയ പേജിലെ വിവരങ്ങള്‍. വിമര്‍ശനങ്ങള്‍ക്കപ്പുറം, ഇത്തരം വിവരങ്ങള്‍ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നായിരുന്നു എ.എന്‍.ഐയുടെ അഭിഭാഷകന്‍ സിദ്ധാന്ത് കുമാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വിവരങ്ങള്‍ ഉള്ളടക്കത്തില്‍നിന്ന് നീക്കണം. ഇതുപോലെ, അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങള്‍ പേജില്‍ ഉള്‍പ്പെടുത്തുന്നതില്‍നിന്ന് വിക്കിപീഡിയയെ തടയണം. സംഭവിച്ച മാനനഷ്ടത്തിന് പരിഹാരമായി രണ്ട് കോടി രൂപ വിക്കിപീഡിയ നല്‍കണം എന്നിങ്ങനെ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.

വിക്കീപീഡിയയ്ക്ക് അഭിപ്രായങ്ങള്‍ പറയാന്‍ അര്‍ഹതയുണ്ട്, എന്നാല്‍ അതിനൊരു വിശദീകരണം ആവശ്യമാണെന്നായിരുന്നു ജസ്റ്റിസ് ചൗളയുടെ വാക്കാലുള്ള പരാമര്‍ശം. അവര്‍ കോടതിയിലെത്തി കാര്യം വിശദീകരിക്കണം. ഇത് തികച്ചും അപകീര്‍ത്തിപ്പെടുത്തുന്ന ഒരു കേസാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തുടര്‍ച്ചയിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രൊപ്പഗണ്ട ടൂള്‍ ആയി വാര്‍ത്താ ഏജന്‍സി പ്രവര്‍ത്തിച്ചെന്ന് ദി കാരവന്‍, ദി കെന്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിക്കിപീഡിയ പേജില്‍ പറയുന്നു.  എ.എന്‍.ഐയില്‍ കൃത്യമായ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സംവിധാനം ഇല്ലെന്നും, ജോലിക്കാരോട് മോശമായാണ് പെരുമാറുന്നതെന്നും ജോലിക്കാര്‍ തന്നെ ആരോപിക്കുന്നതായും പേജിലുണ്ട്. 2023 മണിപ്പുര്‍ കലാപത്തിനിടെ, രണ്ട് കുക്കി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതും ബലാത്സംഗം ചെയ്തതും മുസ്ലീങ്ങളാണെന്ന വ്യാജ ആരോപണം എ.എന്‍.ഐ പുറത്തുവിട്ടിരുന്നുവെന്നും വിക്കിപീഡിയ പേജില്‍ പറയുന്നു. ഇത്തരം ഉള്ളടക്കത്തിനെതിരെയാണ് എ.എന്‍.ഐ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com