
മനോരഥങ്ങള്‍ സിനിമ ട്രെയിലര്‍ ലോഞ്ചിനിടെ ഉണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സംഗീത സംവിധായകന്‍ രമേശ് നാരായൺ തന്നെ അപമാനിച്ചെന്ന് തോന്നിയിട്ടില്ല. ഒരു നിമിഷത്തില്‍ അദ്ദേഹത്തിന് തോന്നിയ വിഷമത്തില്‍ നിന്ന് സംഭവിച്ചു പോയതാണ്, മൊമെന്‍റോ സ്വീകരിക്കാന്‍ വേദിയിലേക്ക് ക്ഷണിക്കാതിരുന്നതും പേര് തെറ്റിവിളിച്ചതും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകാം. തന്നെ ഒരു തരത്തിലും ഈ സംഭവം ബാധിച്ചിട്ടില്ല. തനിക്ക് നല്‍കുന്ന പിന്തുണ മറ്റുള്ളവര്‍ക്കെതിരെയുള്ള വിദ്വേഷ പ്രചരണമാകരുത്. രമേഷ് നാരായൺ തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും മാപ്പ് പറയുന്ന നിലയിലേക്ക് ഈ സംഭവം എത്താന്‍ പാടില്ലായിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു.
കൊച്ചി സെന്‍റ് ആല്‍ബര്‍ട്സ് കോളേജില്‍ നടന്ന ലെവല്‍ക്രോസ് സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആസിഫ്.
' ഞാനും ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്ന ആളാണ് , എല്ലാവര്‍ക്കും ഉണ്ടാകാറുള്ള പ്രശ്നങ്ങള്‍ എനിക്കും ഉണ്ടാകാറുണ്ട്. അത് പക്ഷെ പബ്ലിക്ക് ആക്കാറില്ല. എന്‍റെ പ്രശ്നങ്ങളും വിഷമങ്ങളും എന്‍റേതാണ്, അത് പുറത്തുകാണിക്കാറില്ല,' വിദ്യാര്‍ഥികളോട് സംവദിക്കവെ ആസിഫ് പറഞ്ഞു.
ആസിഫ് അലിയുടെ വാക്കുകള്‍...
ഒരു നിമിഷത്തില്‍ അദ്ദേഹത്തിന് തോന്നിയ വിഷമത്തില്‍ നിന്ന് സംഭവിച്ചു പോയതാണ്, മൊമെന്‍റോ സ്വീകരിക്കാന്‍ വേദിയിലേക്ക് ക്ഷണിക്കാതിരുന്നതും പേര് തെറ്റിവിളിച്ചതും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകാം. എന്നെ ഒരു തരത്തിലും ഈ സംഭവം ബാധിച്ചിട്ടില്ല. ഇന്നലെ ഉച്ചക്കാണ് സോഷ്യല്‍ മീഡിയയിലെ സംസാരങ്ങള്‍ കണ്ടത്. ഇതിന് എന്ത് മറുപടി പറയണം എന്ന ചിന്തയിലായിരുന്നു. കാരണം അത് വേറൊരു തലത്തിലേക്ക് പോകാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മതപരമായ രീതിയിലേക്ക് വരെ ചര്‍ച്ചകള്‍ പോയി. ആ ഒരു നിമിഷത്തില്‍ അദ്ദേഹത്തിന് ഉണ്ടായ ഒരു തോന്നല്‍, അല്ലെങ്കില്‍ തെറ്റിധാരണ മാത്രമാണത്. ഇന്ന് രാവിലെയാണ് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചത്. സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എന്നെ അത് ഒരുപാട് വിഷമിപ്പിച്ചു. അദ്ദേഹത്തിന്‍റെ പ്രായവും സീനിയോറിറ്റിയുമൊക്കെ വെച്ച് എന്നോട് മാപ്പു പറയുന്ന നിലയിലേക്ക് വരെ പോയി. അതില്‍ എനിക്ക് വിഷമമുണ്ട്.
ലോകത്തുള്ള എല്ലാ മലയാളികളും എന്നെ പിന്തുണച്ചതില്‍ സന്തോഷമുണ്ട്. കലയോടൊപ്പം കലാകാരന്മാരെയും സ്നേഹിക്കുന്നവരാണ് മലയാളികളെന്ന് ഇന്നലെ തെളിയിച്ചു. പക്ഷെ അദ്ദേഹത്തിനെതിരെ ഒരു വിദ്വേഷ പ്രചാരണം നടത്തുന്നതിനോട് എനിക്ക് താല്‍പര്യമില്ല. അദ്ദേഹം അത് മനപൂര്‍വം ചെയ്തതല്ല, അങ്ങനെ ഒരാളുമല്ല. ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മറ്റ് ചര്‍ച്ചകളിലേക്ക് ഇതിനെ കൊണ്ടുപോകാന്‍ താല്‍പര്യമില്ല. ഇത് ഇവിടെ അവസാനിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അടഞ്ഞ അധ്യായമാണ്. ജയരാജ് സര്‍ വന്ന് മൊമെന്‍റോ കൊടുക്കുന്ന സമയത്ത് തന്നെ എന്‍റെ റോള്‍ അവിടെ കഴിഞ്ഞു.
ഇത് ഇത്ര വലിയ ചര്‍ച്ചയായതുകൊണ്ടാണ് ഇപ്പോള്‍ മറുപടി നല്‍കുന്നത്, അത് അദ്ദേഹത്തിന് ഒരു തരത്തിലും ബുദ്ധിമുട്ടാകരുതെന്നും എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എതിരെ നില്‍ക്കുന്നയാളിന്‍റെ മനസ് ഒന്നറിഞ്ഞാല്‍ തീരാവുന്ന പ്രശ്നമേയുള്ളു . ജയരാജ് സാറിനൊപ്പം സ്റ്റേജില്‍ കയറാന്‍ കഴിയാതെ പോയതിന്‍റെ ഒരു വിഷമം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ജയരാജ് സാറില്‍ നിന്ന് മൊമന്‍റോ സ്വീകരിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ഞാന്‍ അവിടെ നിന്ന് മാറികൊടുക്കുകയായിരുന്നു. ഒരു ലൈവ് പരിപാടി സംഘടിപ്പിക്കുമ്പോള്‍ സംഭവിക്കാറുള്ള പ്രശ്നങ്ങളെ ഇവിടെ ഉണ്ടായിട്ടുള്ളു.