സിനിമ എത്രത്തോളം സ്വാധീനിക്കുമെന്നത് നമ്മൾ തീരുമാനിക്കണം, സൈബർ രംഗത്തുള്ളത് ഒളിച്ചിരുന്ന് കല്ലെറിയുന്നവർ: ആസിഫ് അലി

ന്യായം എവിടെയോ അതിനൊപ്പം നിൽക്കുമെന്നും ആസിഫ് അലി പറഞ്ഞു
സിനിമ എത്രത്തോളം സ്വാധീനിക്കുമെന്നത് നമ്മൾ തീരുമാനിക്കണം, സൈബർ രംഗത്തുള്ളത് ഒളിച്ചിരുന്ന് കല്ലെറിയുന്നവർ: ആസിഫ് അലി
Published on

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. മൂന്ന് മണിക്കൂർ സിനിമ എന്റർടെയ്ൻമെന്റ് എന്ന നിലയിൽ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മൾ തീരുമാനിക്കണമെന്നും ആസിഫ് അലി പറഞ്ഞു. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു. സമൂഹ മാധ്യമങ്ങളിൽ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദമാണ്. സൈബർ ആക്രമണം അനുഭവിക്കുന്നവർക്കേ മനസിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നിൽക്കുമെന്നും ആസിഫ് അലി പറഞ്ഞു.

ചിത്രത്തിനെതിരായ സൈബർ ആക്രമണവും പോർവിളികളും അധിക്ഷേപങ്ങളും തുടരുകയാണ്. വിവാദ ഭാഗങ്ങൾ ഒഴിവാക്കി റീ എഡിറ്റ് ചെയ്ത് ഇറക്കുമെന്ന് പറഞ്ഞിട്ടും, നടൻ മോഹൻലാലും പൃഥിരാജും ഖേദപ്രകടനം നടത്തിയിട്ടും രൂക്ഷമായി എതിർക്കുകയാണ് സംഘപരിവാർ. പൃഥിരാജിനും, സഹോദരൻ ഇന്ദ്രജിത്തിനുമെതിരെ ആർഎസ്എസ് മുഖവാരിക തന്നെ രംഗത്തെത്തിയിരുന്നു. അതിനിടെ സുപ്രിയ മേനോൻ അർബൻ നക്സലാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ ആക്ഷേപിച്ചു. പൃഥ്വിരാജിന് ദേശവിരുദ്ധരുടെ ശബ്ദമാണെന്ന് ആർഎസ്എസ് മുഖപത്രം ആരോപിച്ചതിന് പിന്നാലെയാണ് സുപ്രിയക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വവും രംഗത്തെത്തിയത്.

ഈ വിധം കടുത്ത വിമർശനത്തിലേക്ക് സംസ്ഥാന ബിജെപി നേതൃത്വം ചുവടുമാറ്റുമ്പോൾ സിനിമയ്ക്ക് അനുകൂലമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി എത്തി. എംപുരാനിലെ ദൃശ്യങ്ങൾ വെട്ടിമാറ്റിയതിന് പിന്നിൽ അധികാരസ്ഥാനത്തിരിക്കുന്നവരുടെ അസഹിഷ്ണുതയാണെന്ന് അദ്ദേഹം പറഞ്ഞു.സിനിമകൾ സെൻസർ ചെയ്യണം എന്നു പറയാതെ തന്നെ എതിർപ്പ് ഉയരുമ്പോഴേക്കും എഡിറ്റ്‌ ചെയ്യാം എന്ന സാഹചര്യം ഉരുതിരിയുന്നുവെന്ന് മന്ത്രി പി.രാജീവ്. സിനിമയ്ക്ക് ഒപ്പം നിൽക്കുക എന്നതാണ് എല്ലാവരും സ്വീകരിക്കേണ്ട സമീപനമെന്നും മന്ത്രി പറഞ്ഞു.

വിവാദത്തിൽ തത്കാലം പ്രതികരിക്കാനില്ലെന്ന് സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപി ന്യൂസ് മലയാളത്തോട് പറഞ്ഞു. സംഘപരിവാർ വിവാദമാക്കിയ രംഗങ്ങൾ വെട്ടിമാറ്റിയതിനെപ്പറ്റിയും മുരളി ഗോപി ഇനിയും പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com