
ആ കാട് രാമായണത്തിലെ കിഷ്‌കിന്ധയെപ്പോലെയാണ്...
ഹനുമാനും സുഗ്രീവനും ഒഴികെ സകല വാനരപ്പടയും അവിടെയുണ്ട്...
അവിടെ താമസിക്കുന്ന, വളരെ നിഗൂഢത നിറഞ്ഞ ചില മനുഷ്യർ. അവർക്ക് പറയാൻ ഒരുപാട് കഥകളുണ്ട്. ആ കഥകളിലെല്ലാം കുറേ കുരങ്ങന്മാരുമുണ്ട്. ആർക്കും പിടിതരാതെ, ആ മനുഷ്യർക്ക് പറയാനുള്ള കഥകൾ, പല നിഗൂഢത നിറച്ച്, 'കിഷ്‌കിന്ധാ കാണ്ഡം'പറഞ്ഞു തുടങ്ങുന്നു.
ഒരു സിനിമ പ്രേക്ഷകനോട് നീതി പുലർത്തുന്നത്, എന്താണോ ആ സിനിമയുടെ ധർമം, അത് പൂർത്തിയാക്കുമ്പോഴാണ്. ആ പൂർത്തീകരണം ഉണ്ടാകണമെങ്കിൽ, നമുക്കൊപ്പം യാത്ര ചെയ്യുന്ന സിനിമയിലെ കഥാപാത്രങ്ങളോട് അതിന്റെ ക്രിയേറ്റേഴ്സ് നീതി പുലർത്തിയിട്ടുണ്ടാകണം. കിഷ്കിന്ധാ കാണ്ഡം എന്ന ദിൻജിത്ത് അയ്യത്താൻ ചിത്രം, പരിപൂർണമായും അത്തരത്തിലുള്ള ഒരു കാഴ്ചാനുഭവമാണ്. അപ്പു പിള്ളയും അജയനും അപർണയുമെല്ലാം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വിരൽ ചൂണ്ടുന്നത് ഒരു ഉത്തരത്തിലേക്കാണെങ്കിലും, അതിന്റെ സങ്കീർണതകളും തോതും സ്വഭാവവുമെല്ലാം വ്യത്യസ്തമാണ്. അവരുടെ പല ചോദ്യങ്ങൾക്കും പ്രേക്ഷകന് പ്രതീക്ഷിക്കുന്ന മറുപടികൾ ലഭിച്ചുകൊള്ളണം എന്നില്ല. ചിലപ്പോൾ ഉത്തരം ഉണ്ടാകണം എന്നുതന്നെ നിർബന്ധമില്ല. സിനിമയുടെ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത് അവിടെയാണല്ലോ. അപൂർണമായ ചില ചോദ്യങ്ങളുടെ വേട്ടയാടലുകളിൽ.
കുരങ്ങന്മാർ ഒരുപാടുള്ള ഒരു റിസർവ് ഫോറസ്റ്റ്. അവിടെയാണ് അപ്പു പിള്ളയും മകൻ അജയനും താമസിക്കുന്നത്.
വിജയരാഘവന്റെ അപ്പു പിള്ള കണിശക്കാരനാണ്. എക്സ് - മിലിറ്ററി ഓഫീസറായ അദ്ദേഹത്തിന് ചില പിടിവാശികളും നിർബന്ധങ്ങളുമൊക്കെയുണ്ട്. തന്റെ രണ്ടാമത്തെ മകനായ ആസിഫ് അലിയുടെ അജയന്റെ കല്യാണത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. അപർണ ബാലമുരളിയുടെ അപർണയാണ് അജയന്റെ ഭാര്യയായെത്തുന്നത്. പിന്നീട് അവരുടേത് മാത്രമായി നിലനിന്നിരുന്ന പലതും അപർണയുടേത് കൂടിയാകുന്നു. അവിടുന്നങ്ങോട്ട് മൂവരുടെയും ജീവിതത്തിലെ, വളരെ പ്രധാനപ്പെട്ട പല രഹസ്യങ്ങളുടെയും ചുരുളുകൾ അഴിയാൻ തുടങ്ങുന്നു. കിഷ്കിന്ധാ കാണ്ഡത്തിന്റെ കഥ അവിടെ തുടങ്ങുന്നു. ഒടുവിൽ, അവസാനത്തെ സീനിൽ, പ്രേക്ഷകന്റെ കണ്ണുകളിൽ ഒരു തുള്ളി കണ്ണീർ ബാക്കിയാക്കി, മനസിൽ ഒരു വിങ്ങലായി അവസാനിക്കും വരെ അത് തുടരുന്നു.
കൃത്യമായി കഥാപാത്രങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട്, അവരുടെ ഇമോഷൻസിനെ പ്രേക്ഷകരുടേത് കൂടിയാക്കുന്ന ഒരു എംപതറ്റിക് റൈറ്റിങ്ങാണ് കിഷ്കിന്ധാ കാണ്ഡത്തിന്‍റേത്. ഒരുപാട് രഹസ്യങ്ങളുടെ ചുരുളുകളഴിക്കുന്ന കഥാ രീതിയാണ് സിനിമയുടേത്. അതിനാൽ തന്നെ, ആ ലോകത്തേക്ക് പ്രേക്ഷകനെ എത്തിക്കാൻ, ചില പ്രോപ്പർട്ടികളുടെ സഹായത്തോടെ, ഒരു കഥ പറഞ്ഞു തരുന്നത് പോലെ, ബാക് സ്റ്റോറികൾ വെർബലി കമ്യൂണിക്കേറ്റ് ചെയ്യുന്ന രീതിയാണ് സ്ക്രിപ്റ്റ് ഫോളോ ചെയ്തിരിക്കുന്നത്. എന്തിനാണ് ഇത്രമാത്രം കഥകൾ ഒരു സിനിമയിൽ ഫീഡ് ചെയ്യുന്നത് എന്ന് തുടക്കത്തിൽ തോന്നാമെങ്കിലും, അതിന്റെ കോർ എന്താണെന്ന് മനസിലാക്കി കഴിഞ്ഞാൽ, എത്രമാത്രം എഫക്ടീവാണ് ഈ സ്റ്റോറി ടെല്ലിങ് പാറ്റേൺ എന്ന് നമുക്ക് മനസിലാകും. അത്രമാത്രം പ്രേക്ഷകനുമായി തിരക്കഥ സംവദിക്കുന്നുണ്ട്. ചില കാര്യങ്ങൾക്ക് വ്യക്തമായ ഒരു ചിത്രം രൂപപ്പെടുത്തുന്നുണ്ടെങ്കിലും ചിലത് അപൂർണമാണ്. അത് സിനിമയുടെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്.
കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളും കുരങ്ങന്മാരും തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിലും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പല പ്രധാനപ്പെട്ട കാര്യങ്ങളും കുരങ്ങന്മാരുമായി കണക്ടഡാണ്. ഒരു കഥാപാത്രത്തിന്റെ സ്വഭാവവും അയാൾ ചെയ്യുന്ന കാര്യങ്ങളും കഥ നടക്കുന്ന പശ്ചാത്തലവുമായി ഇഴുകിച്ചേർന്നാണ് പുരോഗമിക്കുന്നതെങ്കിൽ, സിനിമയ്ക്ക് അതൊരു വലിയ ഗ്രിപ്പാണ്. അതാണ് കുരങ്ങന്മാരിലൂടെ തിരക്കഥാകൃത്ത് നേടിയെടുക്കുന്നത്. ഒരേസമയം അപ്പു പിള്ളയോടും അജയനോടും അപർണയോടും നമുക്ക് സഹതാപവും ഇഷ്ടവും ദേഷ്യവുമെല്ലാം തോന്നിയേക്കാം. പക്ഷെ, കൈ ഞൊടിക്കുന്ന ഇടവേളകളിൽ അത് മാറി മറിയും. അതിനോടൊപ്പം സിനിമയുടെ സ്വഭാവവും. അതിനാൽ തന്നെ ഏതെങ്കിലും ഒരു പ്രത്യേക ഴോണറിൽ ഈ ചിത്രത്തെ ഉൾപ്പെടുത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല.
സാഹചര്യങ്ങൾക്കനുസരിച്ചുള്ള, വ്യക്തമായ ഡയലോഗുകൾ സിനിമയെ കുറച്ചൊന്നുമല്ല അപ് ലിഫ്റ്റ് ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങളോട് ഏത് രീതിയിലുള്ള ഇമോഷനാണ് നമുക്ക് തോന്നേണ്ടതെന്ന് കൺവേ ചെയ്യാൻ ഡയലോഗുകളേക്കാൾ മികച്ച ഒരു ടൂളില്ലല്ലോ. മറ്റെന്തിനേക്കാളും തന്റെ അഭിമാനത്തിന് വലിയ വില നൽകുന്ന അപ്പു പിള്ളയുടെയും, അച്ഛനെ അത്രമാത്രം ഇഷ്ടപ്പെടുന്ന അജയന്‍റെയും, തന്നോടൊപ്പം ജീവിക്കുന്നവരുടെ പ്രശ്നങ്ങൾ തന്റേത് കൂടിയാണെന്ന് കരുതുന്ന അപർണയുടെയും ഡയലോഗുകളിൽ അത് വ്യക്തവുമാണ്. തിയട്രിക്കൽ അപ്പീൽ വേണ്ടിടത്ത് അങ്ങനെ, ഇമോഷൻസിന്റെ പീക്ക് നൽകേണ്ടിടത്ത് അങ്ങനെ. മൊത്തത്തിൽ, 'നല്ല ഭംഗിയുള്ള എഴുത്തെന്ന്' കിഷ്കിന്ധാ കാണ്ഡത്തിന്റേതിനെ നമുക്ക് പറയാം. സിനിമയുടെ വിഷ്വൽസിലും ആ ക്വാളിറ്റി നിലനിർത്താൻ എഴുത്തുകാരൻ കൂടിയായ ഡി ഒ പി ബാഹുൽ രമേഷിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകരിലേക്ക് കഥാപാത്രങ്ങളെ കൂടുതൽ അടുപ്പിക്കാൻ സഹായിക്കുന്ന ഡോളി ഇൻ ഷോട്ടുകൾ മറ്റേതിനേക്കാളുമേറെ ഉപയോഗിക്കാം എന്ന ചോയ്സ് എടുക്കാൻ, സിനിമാറ്റോഗ്രാഫർ തന്നെ എഴുത്തുകാരനായതിന്റെ ഗുണം സംവിധായകനെ സഹായിച്ചിട്ടുണ്ടാകാം.
ഒരു കഥ എത്രമേൽ കോംപ്ലിക്കേറ്റഡാണെങ്കിലും, അതിനെ കയ്യടക്കത്തോടെ കൈകാര്യം ചെയ്യുകയാണെങ്കിൽ, വളരെ എളുപ്പത്തിൽ പ്രേക്ഷകരുടെ ഇമോഷൻസിനെ ഉണർത്താൻ സാധിക്കുമെന്നത് ദിൻജിത്ത് അയ്യത്താൻ തന്റെ കഥ പറച്ചിൽ രീതിയിലൂടെ തെളിയിക്കുന്നുണ്ട്.
അദ്ദേഹത്തിന് കൈകാര്യം ചെയ്യേണ്ടിയിരുന്ന കഥാപാത്രങ്ങൾ അത്രമേൽ സങ്കീർണമായവരായിരുന്നു. അവരുടെ ബിഹേവിയറിൽ, അത് കൺവേ ചെയ്യാൻ ഉപയോഗിക്കുന്ന ഷോട്ടുകളുടെ സെലക്ഷനിൽ, എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചിരുന്നെങ്കിൽ, ഉദ്ദേശിച്ച ഡെപ്ത്തിൽ പ്രേക്ഷകരിലേക്ക് എത്തിയെന്ന് വരില്ല. ഡോളി ഇൻ ഷോട്ടുകൾ അധികം ഉപയോഗിച്ചതും, 70 വയസുകാരനായ എക്സ് മിലിറ്ററിയുടെ ശരീര പ്രകൃതം കൂടി എക്സ്പ്ലോർ ചെയ്യാൻ അപ്പു പിള്ളക്ക് മിഡ് ഷോട്ടുകൾ കൂടുതൽ പ്രിഫർ ചെയ്തതും, വല്ലാത്തൊരു ഇമോഷണൽ സ്റ്റേറ്റിലൂടെ കടന്നു പോകുന്നതിനാൽ അജയന് കൂടുതൽ ക്ലോസ് ഷോട്ടുകൾ കൊടുത്തതും, ദിൻജിത്ത് എന്ന സംവിധായകന്റെ തെരഞ്ഞെടുപ്പുകൾക്ക് നൂറിൽ നൂറ് കൊടുക്കാന്‍ പറ്റുന്ന പോയിന്‍റുകളാണ്. ഒരു പ്രത്യേക ഴോണർ ഇല്ലാത്തത്, കഥ പറയാനുള്ള മേക്കറിന്റെ സ്വാതന്ത്ര്യത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് സിനിമക്ക് അത്രമേൽ ഗുണം ചെയ്തിട്ടേയുള്ളൂ. ചിത്രത്തിൽ അപ്പു പിള്ളയ്ക്ക് സംഭവിക്കുന്നത് പോലെ..
വളരെ ഇമോഷണലായ ഒരു സീനിൽ, നടന്റെയോ നടിയുടെയോ ക്ലോസ് ഷോട്ട് എടുക്കാം എന്ന് സംവിധായകൻ തീരുമാനിക്കുന്നെങ്കിൽ, അത് ആ ആർട്ടിസ്റ്റിന്റെ ക്യാലിബറിൽ അത്രകണ്ട് വിശ്വാസം അർപ്പിക്കുന്നതിനാലാണ്. അതെ, ആസിഫ് അലി എന്ന നടൻ അജയൻ എന്ന കഥാപാത്രത്തിന്റെ ഇമോഷൻസ് അത്രമാത്രം മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷെ, സിനിമയിലെ ഏറ്റവും സങ്കീർണമായ കഥാപാത്രം അജയനായിരിക്കാം. അയാൾ കടന്നുപോകുന്ന മാനസിക സംഘർഷങ്ങൾ നമുക്ക് ചിന്തിച്ച് നോക്കാൻ പോലും സാധിക്കുന്നതല്ല. അതിന്റെ വ്യാപ്തി ആ നടൻ കൺസീവ് ചെയ്തതും പെർഫോം ചെയ്തതും എക്സ്ട്രീം ക്ലാരിറ്റിയോടെയാണ്. ഒരു മകനായി, അച്ഛനായി, ഭർത്താവായി അജയൻ കാര്യങ്ങളെ വീക്ഷിക്കുമ്പോൾ, പ്രേക്ഷകന്റെ ഉള്ളൊന്ന് പിടയ്ക്കും. ആസിഫിന്റെ കരിയറിൽ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവുമധികം സങ്കീർണതകൾ അനുഭവിക്കുന്ന കഥാപാത്രം ഒരു പക്ഷെ അജയചന്ദ്രൻ കെ.വി എന്ന അപ്പു പിള്ളയുടെ മകനായിരിക്കാം.
ഇനി അപ്പു പിള്ളയിലേക്ക് വരാം. സിനിമയുടെ ഓരോ ഘട്ടത്തിലും പ്രേക്ഷകന് അപ്പു പിള്ളയോട് തോന്നുന്ന ഇമോഷൻസ് വ്യത്യസ്തമാണ്. അത് വിജയരാഘവനിൽ ഭദ്രം. എക്സ് മിലിറ്ററിയാണ്. പിസ്റ്റൾ ലൈസൻസ് ഹോൾഡറാണ്. കണിശക്കാരനാണ്. തന്നെ മറ്റുള്ളവർ എങ്ങനെ നോക്കിക്കാണണം എന്നതിന് കൃത്യമായ കൺവിക്ഷനുള്ള വ്യക്തിയാണ്. ഇരിപ്പിലും നടത്തത്തിലും നോട്ടത്തിലും വാക്കുകളിലുമെല്ലാം ആ പട്ടാളക്കാരനായി വിജയരാഘവൻ ഞെട്ടിക്കുകയായിരുന്നു, കാലങ്ങളായി അയാൾ മലയാള സിനിമയിൽ ചെയ്തുകൊണ്ടിരിക്കുന്നത് പോലെ. അപർണ എന്ന കഥാപാത്രമായി അപർണ ബാലമുരളിയും ഈ രണ്ട് പ്രധാന കഥാപാത്രങ്ങൾക്ക് ബാക്കപ്പ് നൽകുന്നു. അത്രതന്നെ സസൂക്ഷ്മമായി സ്ക്രീനിൽ വരുന്ന ഓരോ കഥാപാത്രങ്ങളും പ്ലേസ്ഡ് ആവുന്നു.
മികച്ചൊരു തിരക്കഥ. അത്രതന്നെ മനോഹരമായി അതിനെ ദൃശ്യവത്കരിച്ചിരിക്കുന്നു. ആ ദൃശ്യങ്ങളിൽ ഇഴുകിച്ചേരുന്ന സംഗീതം. കഥാപാത്രങ്ങളടക്കം സ്ക്രീനിൽ ചലിക്കുന്ന ഓരോ ഒബ്ജക്റ്റും പ്രേക്ഷകന് നൽകുന്നത് മികച്ച അനുഭവം. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയാലും അജയനും അപ്പു പിള്ളയുമൊന്നും നമ്മെ വിട്ടു പോകുമെന്ന് കരുതണ്ട. അതിങ്ങനെ ഒരു ഓർമയായി മനസിലിങ്ങനെ കിടക്കും. വീണ്ടും അവരെ കണ്ടുമുട്ടുന്നതുവരെ. അതുകഴിഞ്ഞാൽ വീണ്ടും, അവർ നമ്മുടെ ഓർമ്മകളെ വേട്ടയാടുമായിരിക്കാം. മറക്കാൻ മാത്രമുള്ളതല്ല, ഓർമ്മകൾ വേട്ടയാടപ്പെടാനും, കൂടെ കൂട്ടാനും കൂടിയുള്ളതാണ്...