
അസമിൽ വെള്ളപ്പൊക്കത്തിൽ ആറ് പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 85 ആയി ഉയർന്നു. 19 ലക്ഷത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ധൂബ്രിയിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ആളുകളെ വലച്ചത്. നിലവിൽ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെട്ടുവെന്ന വിവരങ്ങളാണ് അസം ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി അറിയിക്കുന്നത്.
ഗുവാഹത്തിയിലെ റീജിയണൽ മെറ്റിയോറോളജിക്കൽ സെൻ്ററിൻ്റെ മുന്നറിയിപ്പ് പ്രകാരം അസമിലും അതിൻ്റെ അയൽ പ്രദേശങ്ങളിലും ചുഴലിക്കാറ്റ് ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും അതിനാൽ അരുണാചൽപ്രദേശ്, മേഘാലയ, നാഗാലാൻ്റ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ ഇടിമിന്നലിന് സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് ജനങ്ങളെ അറിയിച്ചു. 25 ജില്ലകളിലായി 543 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ലക്ഷത്തിലേറെ പേരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു.
വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി പാലങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. നദികളെല്ലാം സാധാരണഗതിയിലും കൂടുതൽ ശക്തിയായിട്ടാണ് ഒഴുകുന്നത്. കാസരിംഗ ദേശീയ ഉദ്യാനത്തിലും വെള്ളപ്പൊക്കം കനത്ത നഷ്‌ടമാണ് ഉണ്ടാക്കിയത്. വെള്ളപ്പൊക്കത്തെ തുർടന്ന് 137 ഓളം വന്യമൃഗങ്ങളാണ് ചത്തത്.
എൻ.ഡി.ആർ.എഫ് ,എസ്.ഡി.ആർ.എഫ് ,ലോക്കൽ അഡ്മിനിസ്ട്രേഷൻ എന്നിവയുൾപ്പെടെ ഒന്നിലധികം ഏജൻസികൾ ചേർന്നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 171 ഓളം ബോട്ടുകളാണ് ദുരിതാശ്വാസ പ്രവർത്തനത്തിലുള്ളത്.