
അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 93 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രണ്ട് മരണങ്ങളും സംഭവിച്ചതെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി അറിയിച്ചു.
വെള്ളം കുറയുന്ന സാഹചര്യമാണെന്നും സ്ഥിതി മെച്ചപ്പെടുമെന്നും എഎസ്‌ഡിഎംഎ അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി അഞ്ച് ലക്ഷത്തിലധികമാളുകൾ പ്രളയക്കെടുതിയിലാണ്. 52 റവന്യു സർക്കിളുകൾക്ക് കീഴിലുള്ള 1342 വില്ലേജുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
നിരവധി ഏക്കറോളം കൃഷി ഭൂമിയും മുങ്ങിയിരിക്കുകയാണ്. പല നദികളിലും ജലനിരപ്പ് സാധാരണ സ്ഥിതിയിലായിട്ടില്ല. 172 ദുരിതാശ്വാസ ക്യാമ്പുകളിലായി 58,000ഓളം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 232 മൃഗങ്ങൾ ഒഴുകിപ്പോയെന്നാണ് പുറത്തു വരുന്ന വിവരം. 161 ഓളം വീടുകളാണ് പൂർണമായും തകർന്നത്. കാസരിംഗ നാഷണൽ പാർക്കിലെ 196 ഓളം മൃഗങ്ങളും വെള്ളപ്പൊക്കത്തിൽ ചത്തിരുന്നു.