
അസമിലെ വെള്ളപൊക്കം നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. എന്നാല്‍ മറ്റ് കാര്യങ്ങള്‍ വരും ദിവസങ്ങളിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശിലും തെക്കന്‍ ടിബറ്റിലും മഴ പെയ്തില്ലെങ്കില്‍ സ്ഥിതി മെച്ചപ്പെടും, എന്നാല്‍ കൂടുതല്‍ മഴ പെയ്താല്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാം എന്നും ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കൊപ്പം ദുരിതബാധിതരുടെ പുനരധിവാസത്തിനും വേണ്ട പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെങ്കിലും വീണ്ടും മഴ പെയ്താല്‍ ബ്രഹ്‌മപുത്ര നദിയില്‍ ജലനിരപ്പുയരുകയും നേരത്തെ വെള്ളപൊക്കം ബാധിച്ച പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര നേതൃത്വത്തിന്റെ സജീവമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും, ഇന്ത്യന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും അസമിലെ ജനങ്ങള്‍ക്കൊപ്പമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളപ്പൊക്കം മൂലം ബുദ്ധിമുട്ടുകള്‍ നേരിടുന്ന എല്ലാവര്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസൃതമായി സാമ്പത്തിക പിന്തുണ നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കും. മറ്റ് നഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.