
അസമിലെ പ്രളയത്തിൽ 10 ജില്ലകളിൽ നിന്നായുള്ള ദുരിതബാധിതരുടെ എണ്ണം 1.30 ലക്ഷമായി കുറഞ്ഞെന്ന് കേന്ദ്ര സംഘം. വെള്ളപൊക്കത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനു വേണ്ടി സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം മൂന്ന് ദിവസത്തെ സന്ദർശനത്തിനു ശേഷമാണു റിപ്പോർട്ട് നൽകിയത്.
അതേസമയം സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തെ തീവ്രപ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നും, 500 കോടി രൂപയുടെ ഇടക്കാല ധനസഹായം അടിയന്തിരമായി നൽകാൻ ശുപാർശ ചെയ്യണമെന്നും അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടു.
10 ജില്ലകളിലെ 23 റവന്യൂ സർക്കിളുകളിലും 423 വില്ലേജുകളിലുമായി 1,30,888 പേർ നിലവിൽ ദുരിബാധിതരാണെന്നു എഎസ്ഡിഎംഎ വ്യക്തമാക്കി. കാംരൂപ്, മോറിഗാവ്, ദിബ്രുഗഡ്, ശിവസാഗർ, ഗോലാഘട്ട്, നാഗോൺ, ധേമാജി, ഗോൾപാറ, കാംരൂപ് മെട്രോപൊളിറ്റൻ, കച്ചാർ തുടങ്ങിയ ജില്ലകളിലാണ് പ്രളയം കൂടുതലായും ബാധിച്ചത്. മൊത്തം 8,623.9 ഹെക്ടറിലെ കൃഷി ഭൂമി വെള്ളപ്പൊക്കത്തിൽ നശിച്ചിട്ടുണ്ട്. 19,327 മൃഗങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നാഗോണിലാണ് പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. പ്രദേശത്ത് 72,864 പേർ ഇപ്പോഴും വെള്ളപ്പൊക്കത്തിൽ കഴിയുകയാണെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ 46 ദുരിതാശ്വാസ ക്യാമ്പുകളിലായി ആകെ 9,258 ആളുകൾ ആണ് കഴിയുന്നത്. 18 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളിൽ നിന്നായി 21,041 ദുരിതബാധിതർക്കാണ് സേവനം നൽകുന്നത്.