
ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസുകളിൽ ജീവപര്യന്തം ശിക്ഷ നൽകുന്ന നിയമം നടപ്പിലാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബിജെപി സംസ്ഥാന നിർവാഹകസമിതി യോഗത്തിലാണ് ഹിമന്തയുടെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് സമയങ്ങളിൽ ലൗ ജിഹാദിനെക്കുറിച്ച് സംസാരിച്ചു. അധികം വൈകാതെ ഇത്തരം കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ നൽകുന്ന നിയമം നടപ്പിലാക്കും- മുഖ്യമന്ത്രി പറഞ്ഞു.
മാത്രമല്ല, അസമിൽ ജനിച്ചവർക്ക് മാത്രമേ സംസ്ഥാന സർക്കാർ ജോലിക്ക് അർഹതയുള്ളുവെന്നും പുതിയ താമസ നയം അവതരിപ്പിക്കുമെന്നും ഹിമന്ത് ബിശ്വ ശർമ യോഗത്തിൽ പറഞ്ഞു. ഒരു ലക്ഷം സർക്കാർ ജോലികളെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ സംസ്ഥാനത്തുള്ളവർക്കായിരിക്കും മുൻഗണന. ജോലി ലഭിച്ചവരുടെ പട്ടിക പുറത്തുവരുമ്പോൾ ഇത് വ്യക്തമാകും. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭൂമി കൈമാറ്റത്തിലും പുതിയ തീരുമാനമുണ്ടാകും. ഇത്തരം ഇടപാടുകളിൽ സർക്കാരിന് ഇടപെടാനാകില്ലെന്നും എന്നാൽ ഇടപാടിനു മുമ്പ് മുഖ്യമന്ത്രിയുടെ സമ്മതം വാങ്ങേണ്ടത് നിർബന്ധമാക്കിയിട്ടുണ്ടന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.