പ്രളയക്കെടുതിയിൽ അസം; മരണം 30 കവിഞ്ഞു

കാമ്പൂരിലെ കോപ്പിലി നദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ കൂടുതൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് ആശങ്ക.
പ്രളയക്കെടുതിയിൽ അസം; മരണം 30 കവിഞ്ഞു
Published on

അസമിലെ വെള്ളപ്പൊക്കത്തില്‍ മരണം 30 കവിഞ്ഞു. 15 ജില്ലകളിലായി 1.61 ലക്ഷത്തിലധികം ആളുകളെ വെള്ളപൊക്കം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. കരിംഗഞ്ച് ജില്ലയിലെ ബദര്‍പൂര്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീയും മൂന്ന് പെണ്‍കുട്ടികളും മൂന്ന് വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. റോയ്മുന്‍ നെസ്സ (55), മക്കളായ സാഹിദ ഖാനം (18), ജാഹിദ ഖാനം (16), ഹമീദ ഖാനം (11) മെഹ്ദി ഹസനാണ് (3) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഗൈനചോറ ഗ്രാമത്തിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അതേസമയം മെയ് മാസത്തില്‍ റെമാല്‍ ചുഴലിക്കാറ്റ് സംസ്ഥാനത്ത് വീശിയടിച്ചതിന് ശേഷമാണ് അസമില്‍ മഴ ശക്തമായത്. തുടര്‍ന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. റെമാല്‍ ചുഴലിക്കാറ്റിന് ശേഷം അസമില്‍ ഇതുവരെ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 30 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ (എ.എസ്.ഡി.എം.എ) കണക്കനുസരിച്ച്, കരിംഗഞ്ചാണ് ഏറ്റവും കൂടുതല്‍ വെള്ളപൊക്കം ബാധിച്ച ജില്ല. 1,52,133 പേരാണ് വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടിരിക്കുന്നത്. 1,378.64 ഹെക്ടറിലെ മൊത്തം കൃഷിയും, 54,877 മൃഗങ്ങളെയും ദുരന്തം ബാധിച്ചു. നിലവില്‍ 24 റവന്യൂ സര്‍ക്കിളുകളിലായി 470 വില്ലേജുകള്‍ വെള്ളത്തിലാണ്.

43 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,114 പേര്‍ അഭയം നേടിയതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്തിരുന്നാലും, കായലുകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടായതിനാല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേരിയ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. കാമ്പൂരിലെ കോപ്പിലി നദി കവിഞ്ഞ് ഒഴുകുന്നതിനാല്‍ കൂടുതല്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന് ആശങ്കയുമുണ്ട്.

ബിശ്വനാഥ്, ലഖിംപൂര്‍, ഹോജായ്, ബോംഗൈഗാവ്, നാല്‍ബാരി, തമുല്‍പൂര്‍, ഉദല്‍ഗുരി, ദരാംഗ്, ധേമാജി, ഹൈലകണ്ടി, കരിംഗഞ്ച്, ഗോള്‍പാറ, നാഗോണ്‍, ചിരാംഗ്, കൊക്രജ്ഹര്‍ തുടങ്ങിയ പ്രളയബാധിത ജില്ലകളാണ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com