
അസമിലെ കാസിരംഗ നാഷണൽ പാർക്കിലുണ്ടായ വെള്ളപ്പൊക്കത്തിൽ പതിനൊന്ന് മൃഗങ്ങൾ ചത്തു. പന്നി, മാനുകൾ തുടങ്ങിയ മൃഗങ്ങൾ ആണ് ചത്തത്. എന്നാൽ നാൽപ്പത്തിരണ്ട് ഹോഗ് മാൻ, രണ്ട് ഒട്ടർ, സാമ്പർ, ഒരു സ്കോപ്സ് മൂങ്ങ എന്നിവയടക്കം 65 മൃഗങ്ങളെ രക്ഷിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം കിഴക്കൻ അസം വന്യജീവി ഡിവിഷനിലെ 233 വനംവകുപ്പ് ക്യാമ്പുകളിൽ 173 എണ്ണമാണ് വെള്ളക്കെട്ടിൽ ദുരിതത്തിലായത്.
ദേശീയ ഉദ്യാനത്തിലെ അഗോറത്തോളി റേഞ്ചിലെ 34 ക്യാമ്പുകളിൽ 24 എണ്ണവും, സെൻട്രൽ റേഞ്ചിലെ 58 ക്യാമ്പുകളിൽ 51ഉം, ബാഗോരിയിലെ 39 ക്യാമ്പുകളിൽ 37 ഉം, ബുരാപഹാറിലെ 25 ൽ 13 ഉം, ബൊകാഖാത്ത് റേഞ്ചിലെ ഒമ്പതിൽ ഏഴ് ക്യാമ്പുകളും വെള്ളക്കെട്ടിൽ ആണെന്ന് അധികൃതർ വ്യക്തമാക്കി. സസ്യജന്തുജാലങ്ങളുടെ സംരക്ഷണത്തിനായി പട്രോളിംഗ് നടത്തുന്ന വനംവകുപ്പ് ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരാണ് ദേശീയോദ്യാനത്തിനുള്ളിലെ ഈ ക്യാമ്പുകളിൽ താമസിക്കുന്നത്.
അതേഅസമയം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം ദേശീയ ഉദ്യാനം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പാർക്കിലേക്കുള്ള ഗതാഗത നിയന്ത്രണമടക്കമുള്ള മതിയായ മുൻകരുതലുകൾ സ്വീകരിക്കാൻ അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്തു.