
യു.എസ് കോടതിയിൽ നിന്നും സ്വതന്ത്ര മനുഷ്യനായി പുറത്തിറങ്ങി വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ്. കോടതിയിൽ നിന്നും പുറത്തിറങ്ങിയ അസാൻജ്, ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ചു. മൂന്ന് മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് യു എസ് കോടതിയിൽ അസാൻജ് കുറ്റസമ്മതം നടത്തിയത്. ദേശീയ പ്രതിരോധ വിവരങ്ങൾ കണ്ടെത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഗൂഢാലോചന നടത്തിയെന്നാണ് പസഫിക് യുഎസ് പ്രദേശമായ നോർത്തേൺ മരിയാന ദ്വീപിലെ കോടതിയില്‍ അസാൻജ് കുറ്റസമ്മതം നടത്തിയത്. മുൻപ് നൽകിയത് തെറ്റായ വിവരങ്ങളാണെന്നും പത്രപ്രവർത്തകനായി ജോലിചെയ്തിരുന്നപ്പോള്‍, വിവരങ്ങള്‍ ശേഖരിക്കുന്നതിനായി തന്‍റെ സോഴ്സുകള്‍ ഉപയോഗിച്ചിരുന്നതായും അസാന്‍ജ് പറഞ്ഞു.
ബ്രിട്ടനിലെ ജയില്‍വാസം അവസാനിപ്പിച്ച് ഓസ്‌ട്രേലിയയില്‍ തിരിച്ചെത്താനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന കരാറിന്‍റെ പുറത്താണ് അസാന്‍ജ് ഇപ്പോൾ കുറ്റസമ്മതം നടത്തിയത്. ഇതോടെ, വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് അസാൻജ് സ്വതന്ത്രനാകുന്നത്. ലണ്ടൻ എയർപോർട്ടിൽ നിന്നും അസാൻജ് വിമാനത്തിൽ കയറുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വിക്കിലീക്സ് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. അസാൻജിന്‍റെ ഭാര്യ സ്റ്റെല്ല 'അസാൻജ് ഈസ് ഫ്രീ' എന്ന് എക്‌സിൽ കുറിപ്പെഴുതി, വിവരം സ്ഥിരീകരിക്കുകയും ചെയ്തു.
അസാന്‍ജ് യുഎസ് ചാരവൃത്തി നിയമ ലംഘനക്കേസില്‍ കോടതിയില്‍ കുറ്റം സമ്മതിക്കാന്‍ സാധ്യതുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 52 വയസുകാരനായ അസാന്‍ജ് കുറ്റക്കാരനാണെന്ന് സമ്മതിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രോസിക്യൂട്ടര്‍ കോടതിയിൽ രേഖകളോടെ അറിയിച്ചു. യു.എസ് ദേശീയ പ്രതിരോധ രേഖകൾ കൈവശപ്പെടുത്തുകയും പരസ്യമാക്കുകയും ചെയ്തുവെന്നാണ് അസാൻജിനെതിരെ ഫയല്‍ ചെയ്തിരുന്ന കുറ്റം.