ഇസ്മായിൽ ഹനിയയുടെ കൊലപാതകം: ഇസ്രേയലിന് മുന്നറിയിപ്പുമായി ഇറാൻ

ഇസ്മായിൽ ഹനിയയുടെ രക്തം ഒരിക്കലും പാഴാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് നാസർ ഖനാനി പറഞ്ഞു
ഇസ്മായിൽ  ഹനിയ
ഇസ്മായിൽ ഹനിയ
Published on

ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രേയലിന് മുന്നറിയിപ്പുമായി ഇറാൻ. ഹനിയയുടെ കൊലപാതകത്തിൽ ഇസ്രേയേൽ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ സൈനിക മുൻ കമാൻഡർ ഇൻ ചീഫ് മൊഹ്സിൻ റഈസി മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിൻ്റെ രക്തം ഒരിക്കലും പാഴാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് നാസർ ഖനാനി പറഞ്ഞു.

ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയ ഇറാനിലെ ടെഹ്‌റാനില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. പലസ്തീന്‍ സായുധ സംഘമായ ഹമാസ് പ്രസ്താവനയിലൂടെയാണ് വിവരം പുറത്തുവിട്ടത്. ടെഹ്‌റാനിലെ വീട്ടില്‍ നടന്ന സയണിസ്റ്റ് ആക്രമണത്തിലാണ് ഇസ്മായിൽ ഹാനിയ കൊല്ലപ്പെട്ടതെന്നാണ് പ്രസ്താവന പ്രകാരമുള്ള വിവരം. ഹനിയയുടെ മരണം ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും സ്ഥിരീകരിച്ചിരുന്നു.

ഇറാന്‍റെ പുതിയ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഹനിയ പങ്കെടുത്തിരുന്നു. ഇതിനു മണിക്കൂറുകള്‍ക്കു ശേഷമാണ് കൊലപാതകം. സംഭവത്തില്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അന്വേഷണം ആരംഭിച്ചു. ഇസ്രയേലിൻ്റെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഹിസ്ബുല്ല കമാന്‍ഡറെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ട് 24 മണിക്കൂര്‍ തികയും മുന്‍പാണ് ഹനിയയുടെ കൊലപാതകം.

ഹനിയയുടെ കൊലപാതകം ഹമാസിനെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണെന്നും ഇത് സ്ഥിതി വഷളാക്കുമെന്നും മുതിര്‍ന്ന ഹമാസ് നേതാവ് സമി അബു സുഹ്രി റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിരുന്നു. ഖത്തര്‍ കേന്ദ്രീകരിച്ചാണ് ഹനിയ പ്രവര്‍ത്തിച്ചിരുന്നത്. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളില്‍ ഹമാസിന്‍റെ മുഖമായിരുന്നു ഹനിയ. ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ ഹനിയയുടെ മൂന്ന് മക്കള്‍ കൊല്ലപ്പെട്ടിരുന്നു. 2017ലാണ് ഹമാസിന്‍റെ ഉന്നത ശ്രേണിയിലേക്ക് ഹനിയ എത്തുന്നത്. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ചിരുന്നത് ഹനിയ ആയിരുന്നു.

അതേ സമയം പൊതുദർശനം ഉൾപ്പെടെ ഇറാനിൽ ഔദ്യോഗിക ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നാളെ വൈകുന്നേരത്തോടെ മൃതദേഹം ഖത്തറിലെത്തിക്കും.
ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തെ അപലപിച്ച് കൊണ്ട് റഷ്യ രംഗത്തെത്തി .‘അംഗീകരിക്കാനാവത്ത രാഷ്ട്രീയ കൊലപാതകം’ എന്നാണ് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേൽ ബോഗ്ദാനോവ് പറഞ്ഞത്. കൊലപാതകം ഗസയിലെ വെടിനിർത്തൽ ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും മേഖലയെ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com