മാധ്യമ പ്രവർത്തകർക്കെതിരായ കയ്യേറ്റം: അനിൽ അക്കരെയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

മാധ്യമ പ്രവർത്തകർക്കെതിരായ കയ്യേറ്റം: അനിൽ അക്കരെയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

മാധ്യമ പ്രവർത്തകരുടെ മൊഴി കൂടി രേഖപ്പെടുത്തിയതിന് ശേഷം നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക
Published on

മാധ്യമ പ്രവർത്തകരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കയ്യേറ്റം ചെയ്തെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് നിയോഗിച്ച തൃശൂർ എസിപിയാണ് അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തുക. തുടർന്ന് മാധ്യമ പ്രവർത്തകരുടെ മൊഴി കൂടി രേഖപ്പെടുത്തിയതിന് ശേഷം നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക.

ഹേമ കമ്മറ്റി റിപ്പോർട്ടിലെ നിലപാടുമായി ബന്ധപ്പെട്ട് തൃശൂർ രാമനിലയത്തിൽ വച്ചാണ് ചൊവ്വാഴ്ച മാധ്യമ പ്രവർത്തകർ കേന്ദ്രമന്ത്രിയോട് പ്രതികരണം തേടിയത്. ചോദ്യങ്ങളിൽ പ്രകോപിതനായി സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതാവ് അനിൽ അക്കര തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മാധ്യമ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുകയും മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും ചെയ്ത മന്ത്രിയുടെ നടപടി ഭരണഘടനാ ലംഘനം ആണെന്ന് ആരോപിച്ചായിരുന്നു പരാതി. ഇതേ തുടർന്നാണ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ പരാതിയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മന്ത്രിയുടെ വഴി തടഞ്ഞു, സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് ഇ-മെയിൽ മുഖേനയും രേഖമൂലവും സുരേഷ് ഗോപി നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പരാതികളെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com