
സത്യപ്രതിജ്ഞ ചടങ്ങിനിടെ മന്ത്രികൾക്ക് അമളികൾ പറ്റുന്നത് സാധാരണ സംഭവമാണെങ്കിലും ഒരേ ദിവസം രണ്ട് സ്ഥാനത്തേക്ക് ഒരു നേതാവ് സത്യപ്രതിജ്ഞ ചെയ്യുന്നത് ആദ്യമായാവും. മധ്യപ്രദേശ് ബിജെപി എംഎല്‍എ റാം നിവാസ് റാവത്താണ് സഹമന്ത്രിയായും കാബിനറ്റ് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. ഒരു ചെറിയ പിശകാണ് മന്ത്രിയെ രണ്ട് തവണ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്.
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ റാം നിവാസ് റാവത്തിനാണ് അമിളി പറ്റിയത്. രാജ്ഭവനിൽ നിന്നും സത്യപ്രതിജ്ഞ ചെയ്യവെ 'രാജ്യ കേ മന്ത്രി'(കാബിനറ്റ് മന്ത്രി) എന്നതിന് പകരം 'രാജ്യ മന്ത്രി'(സംസ്ഥാന മന്ത്രി) എന്ന് തെറ്റി വായിക്കുകയായിരുന്നു. ഇതോടെ റാം നിവാസ് കാബിനറ്റ് മന്ത്രിയാണോ സഹമന്ത്രിയാണോ എന്ന കാര്യത്തിൽ മാധ്യമപ്രവർത്തകർക്ക് ആശയകുഴപ്പമുണ്ടായി.
പിന്നീട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തന്നെയെത്തി റാം നിവാസ് കാബിനറ്റ് മന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് വ്യക്തമാക്കി. സംഭവം ചർച്ചയായതോടെ മുഖ്യമന്ത്രിയുടേയും വിശിഷ്ട വ്യക്തികളുടേയും സാനിധ്യത്തിൽ ഗവർണർ മംഗുഭായ് പാട്ടേൽ റാം നിവാസിന് വീണ്ടും സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇതോടെ ഒരേ ദിവസം ക്യാബിനറ്റ് മന്ത്രിയായും സഹ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തെന്ന റെക്കോർഡ് റാം നിവാസ് സ്വന്തമാക്കി.