ട്രംപ് മാറ്റിയ പേര് അംഗീകരിച്ചില്ല; വാര്‍ത്താ ഏജന്‍സിക്ക് വിലക്കുമായി വൈറ്റ് ഹൗസ്

ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ ഗൾഫ് ഓഫ് മെക്സിക്കോയെ, ഗൾഫ് ഓഫ് അമേരിക്ക പുനര്‍നാമകരണം ചെയ്തിരുന്നു
ട്രംപ് മാറ്റിയ പേര് അംഗീകരിച്ചില്ല; വാര്‍ത്താ ഏജന്‍സിക്ക് വിലക്കുമായി വൈറ്റ് ഹൗസ്
Published on



അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന് വിലക്കുമായി ട്രംപ് ഭരണകൂടം. വൈറ്റ് ഹൗസിലെ പരിപാടികളിലും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാവിമാനത്തിലുമാണ് എ.പി. റിപ്പോര്‍ട്ടര്‍ക്കും ഫോട്ടോഗ്രാഫര്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. പേര് മാറ്റിയതിനുശേഷവും ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന് തന്നെ വാര്‍ത്തകളില്‍ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, നൂറ്റാണ്ടുകളായി ഗള്‍ഫ് ഓഫ് മെക്സിക്കോ എന്നാണ് ഉപയോഗിക്കുന്നതെന്നും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ഏജന്‍സി എന്ന നിലയില്‍ അത് പ്രധാനമാണെന്നുമാണ് എ.പിയുടെ പ്രതികരണം. ട്രംപ് ഭരണകൂടത്തിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെയും ലംഘനമാണെന്നും എ.പി ചൂണ്ടിക്കാട്ടുന്നു.

ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ ഗൾഫ് ഓഫ് മെക്സിക്കോയെ, ഗൾഫ് ഓഫ് അമേരിക്ക പുനര്‍നാമകരണം ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്തകളിലും റിപ്പോര്‍ട്ടുകളിലും ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന് തന്നെയാണ് എ.പി ഉപയോഗിക്കുന്നത്. ഇതാണ് വാര്‍ത്താ ഏജന്‍സിയെ പ്രസിഡന്റിന്റെ പരിപാടികളില്‍നിന്ന് വിലക്കാന്‍ കാരണമായി വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടുന്നത്. ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേരുമാറ്റം എ.പി അവഗണിക്കുകയാണ്. ഇതിലൂടെ തെറ്റായ വിവരമാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിടുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. കഴിഞ്ഞവാരം ഓവല്‍ ഓഫീസില്‍ നടന്ന പരിപാടികളിലെല്ലാം എ.പിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നേതാക്കളും ട്രംപുമായുള്ള കൂടിക്കാഴ്ചയും വാര്‍ത്താസമ്മേളനങ്ങളും എ.പിക്ക് നഷ്ടമായിരുന്നു. തുടര്‍ന്നാണ് ട്രംപിന്റെ വാരാന്ത്യ യാത്രയില്‍ എയര്‍ ഫോഴ്സ് വണ്ണിലും എ.പി റിപ്പോര്‍ട്ടര്‍ക്കും ഫോട്ടോഗ്രാഫര്‍ക്കും അനുമതി നിഷേധിച്ചിരിക്കുന്നത്.

പ്രസിഡന്റിന്റെ പരിപാടികളിലും യാത്രകളിലും പങ്കാളിയാകുന്ന വാര്‍ത്താസംഘത്തില്‍ നൂറ്റാണ്ടുകളായി എ.പി ഉണ്ട്. എന്നാല്‍, വാക് പ്രയോഗത്തിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തുന്ന നടപടി ആദ്യമാണ്. ഇത്തരം വിലയിരുത്തലുകള്‍ വാസ്തവവിരുദ്ധമാണെന്നാണ് എ.പിയുടെ പ്രതികരണം. നൂറ്റാണ്ടുകളായി ഗള്‍ഫ് ഓഫ് മെക്സിക്കോ എന്നാണ് വാര്‍ത്തകളില്‍ ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എന്ന നിലയില്‍, ആഗോള തലത്തില്‍ സ്വീകാര്യമായ പേര് ഉപയോഗിക്കുന്നത് ഉചിതവും, ഏവര്‍ക്കും മനസിലാക്കാന്‍ എളുപ്പവുമാണെന്ന് കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും ലംഘിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയെന്നും എ.പി പറയുന്നു.

ഒരു വാര്‍ത്താ സ്ഥാപനം എന്താണ് പ്രസിദ്ധീകരിക്കേണ്ടതെന്ന് നിര്‍ദേശിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണ് ഉണ്ടായിരിക്കുന്നത്. ഇത് മാധ്യമസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ ലംഘനമാണെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ പക്ഷം. അഭിപ്രായ സ്വാതന്ത്ര്യം അമേരിക്കന്‍ ജനാധിപത്യത്തിന്റെ തൂണുകളിലൊന്നാണ്. ഇത്തരം തത്വങ്ങളെ പിന്തുണയ്ക്കുന്നതായാണ് വൈറ്റ് ഹൗസ് പറയുന്നത്. ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തോടെ ഒരു പ്രദേശത്തെ അങ്ങനെ തന്നെ വിശേഷിപ്പിക്കുന്നതിന്റെ പേരില്‍ എ.പിയെ പ്രസിഡന്റിന് പരിപാടികളില്‍നിന്ന് വിലക്കിയ നടപടി അസ്വീകാര്യമാണെന്നും മാധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com