ഇന്ത്യയുടെ തിരിച്ചടിയില്‍ കുറഞ്ഞ് 35 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കും: ഡിജിഎംഒ

ഇന്ത്യയുടെ തിരിച്ചടിയില്‍ കുറഞ്ഞ് 35 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കും: ഡിജിഎംഒ
Published on

മെയ് 7 നും 10 നും ഇടയില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ നിയന്ത്രണ രേഖയിൽ കുറഞ്ഞത് 35 പാകിസ്ഥാന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് ഡിജിഎംഒ (Director General Military Operations) രാജീവ് ഖായ്. ഞായറാഴ്ച വൈകിട്ട് നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഡിജിഎംഒ ഇക്കാര്യം വ്യക്തമാക്കിയത്. കര-വ്യോമ-നാവിക സേനയുടെ സംയുക്ത വാര്‍ത്താ സമ്മേളനമാണ് ഇന്ന് നടന്നത്. വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദ്, ലഫ്. ജനറല്‍ രാജീവ് ഖായ്, എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി, മേജര്‍ ജനറല്‍ എസ്.എസ്. ഷര്‍ദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

പാകിസ്ഥാന്റെ വ്യോമാക്രമണത്തിന് വലിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയത്. അതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയോ സാധാരണ ജനങ്ങള്‍ക്കെതിരെയോ ആയിരുന്നില്ല. ഭീകര കേന്ദ്രങ്ങള്‍ക്കു നേരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം.

പാകിസ്ഥാന്റെ പ്രകോപനത്തിനാണ് പാക് സൈന്യത്തോട് പോരാടിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചപ്പോള്‍ പാക് സൈന്യം ലക്ഷ്യം വെച്ചത് ഇന്ത്യന്‍ സൈന്യത്തിനും ഇന്ത്യന്‍ സായുധ സേനയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയായിരുന്നുവെന്നും ലഫ്. ജനറല്‍ രാജീവ് ഖായ് മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ ഓരോ ആക്രമങ്ങളേയും ഇന്ത്യയുടെ വ്യോമസേന ചെറുത്തു തോല്‍പ്പിച്ചു. മെയ് 7 നും 10 നും ഇടയില്‍ നിയന്ത്രണ രേഖയില്‍ ചെറിയ രീതിയിലുള്ള വെടിവെപ്പും ഉണ്ടായി.

പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തതായും സൈന്യം വ്യക്തമാക്കി. ഇതിന്റെ തെളിവുകളും പുറത്തുവിട്ടു. പാക് അധിനിവേശ കശ്മീരിലും പാകിസ്ഥാനിലുമായിട്ടായിരുന്നു ഭീകരകേന്ദ്രങ്ങള്‍. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഷെയ്ഖ്പുര ജില്ലയിലെ മുരിദ്‌കെ ലഷ്‌കറെ ത്വയ്ബയുടെ കേന്ദ്രമായിരുന്നുവെന്നും സൈന്യം വിശദീകരിച്ചു. അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നീ ഭീകരര്‍ക്ക് പരിശീലനം ലഭിച്ചതും ഇവിടെയായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com